പട്ന: ഡോ. ശ്രീകൃഷ്ണ സിങ്ങിന്റെ 139-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് ബിഹാറിലെ പട്നയിൽ സംഘടിപ്പിച്ച ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നടത്തിയ പരാമർശം വിവാദത്തിലേക്ക്. വോട്ട് കൊള്ള നടത്തിയ നരേന്ദ്ര മോദിക്കെതിരെ കേസെടുത്ത് ജയിലിലടയ്ക്കണമെന്ന് ഖർഗെ പ്രസംഗിക്കവെ, മോദി എവിടെയും പോകില്ലെന്ന് സദസ്സിലുണ്ടായിരുന്ന ഒരാൾ എഴുന്നേറ്റുനിന്ന് വിളിച്ചുപറഞ്ഞു. ഇതിന് മറുപടിയായി 'മോദിയുടെ അച്ഛനും പോകും' എന്ന് ഖർഗെ പ്രതികരിച്ചതാണ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്.
പ്രധാനമന്ത്രി കള്ളം പറയുന്ന സ്വഭാവക്കാരനാണെന്നും അധികാരമേറ്റ് ആദ്യ 100 ദിവസത്തിനകം തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത കള്ളപ്പണം എവിടെപ്പോയെന്നും ഖർഗെ ചോദിച്ചു. ആർഎസ്എസ് നിലനിൽക്കുന്നിടത്തോളം കാലം രാജ്യത്ത് സമാധാനം ഉണ്ടാകില്ലെന്നും തുടക്കം മുതലേ വർഗീയ പ്രവർത്തനങ്ങളാണ് സംഘടന നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അയോധ്യ രാമക്ഷേത്രത്തിന്റെ പേരിൽ നടന്ന കൊള്ളയിൽ പങ്കാളികളായവരെ ശ്രീരാമൻ ശിക്ഷിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഉണ്ടായ ജാതിവിവേചനങ്ങളെക്കുറിച്ച് സംസാരിച്ച ഖർഗെ, പോരാട്ടം മതത്തിനെതിരെയല്ലെന്നും മതത്തിന്റെ പേരിലുള്ള വേർതിരിവുകൾക്കെതിരെയാണെന്നും ഓർമ്മിപ്പിച്ചു. എസ്ഐആർ റദ്ദാക്കി ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാനുള്ള നീക്കത്തെ രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കഴിഞ്ഞ രണ്ടു വർഷത്തിനിടെ നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.





