നാഗ്പൂർ: ആൺസുഹൃത്തും പ്രമുഖ കഫേ-റെസ്റ്റോറന്റ് ഉടമയുമായ ശിവ ശർമ്മ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണുമരിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെയെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സും നാഗ്പൂർ പോലീസും ചേർന്ന് പിടികൂടി. ഇവരെ കണ്ടെത്തുന്നവർക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ശ്രദ്ധയോടൊപ്പം സഹോദരി രശ്മി ദുബെ, ഡ്രൈവർ ഡാനിഷ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ലഖ്നൗവിൽ നിന്ന് നേപ്പാളിലേക്ക് കടന്ന പ്രതികൾ, പിന്നീട് റായ്ബറേലി വഴി ആഗ്രയിലെത്തുകയും അവിടെനിന്ന് നാഗ്പൂരിലേക്ക് കടന്ന് വീണ്ടും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയുമാണ് വലയിലായത്. ശിവയുടേത് കൊലപാതകമാണെന്നും ബ്ലാക്ക്മെയിലിംഗും അപകീർത്തിപ്പെടുത്തലും നടന്നിട്ടുണ്ടെന്നും ആരോപിച്ച് ശിവയുടെ അമ്മ രംഗത്തെത്തിയതോടെയാണ് ശ്രദ്ധയ്ക്കും സഹോദരിക്കുമെതിരെ കേസെടുത്തത്. നിയമനടപടികൾ പൂർത്തിയാക്കി ഇവരെ ഉടൻ ലഖ്നൗവിലേക്ക് എത്തിക്കും.
അതേസമയം, ശിവയുടേത് ആത്മഹത്യയാണെന്നും താൻ നിരപരാധിയാണെന്നും അവകാശപ്പെട്ട് ഒളിവിലിരിക്കെ ശ്രദ്ധ സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ പങ്കുവെച്ചിരുന്നു. 20 ലക്ഷം രൂപയുടെ കടബാധ്യത മൂലം ശിവ കെട്ടിടത്തിൽ നിന്ന് ചാടുന്നത് താൻ നേരിൽ കണ്ടതാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ശ്രദ്ധ വാദിച്ചെങ്കിലും സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.





