തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രയ്ക്കെതിരെ ഭരണപക്ഷം ഉന്നയിക്കുന്ന വിമർശനങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇന്ത്യയിലെ സംസ്ഥാനങ്ങൾ സന്ദർശിച്ചതിനേക്കാൾ കൂടുതൽ സമയം വിദേശരാജ്യങ്ങളിൽ ചെലവഴിച്ച വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മണിപ്പൂരിൽ തുടർച്ചയായി രക്തച്ചൊരിച്ചിലുകൾ ഉണ്ടാവുകയും സംസ്ഥാനം ദിവസങ്ങളോളം കത്തുകയും ചെയ്ത നിർണായക ഘട്ടത്തിൽ പോലും അവിടം തിരിഞ്ഞുനോക്കാതെ വിദേശയാത്രകൾ നടത്തിയ ആളാണ് മോദി. അത്തരം ഗുരുതരമായ ആഭ്യന്തര പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പരാജയപ്പെട്ട പ്രധാനമന്ത്രിയും അമിത് ഷായും ഇപ്പോൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സമരപരിപാടികൾ എങ്ങനെ മുൻപോട്ടു കൊണ്ടുപോകണമെന്നത് ഓരോ രാഷ്ട്രീയ പാർട്ടികളുടെയും ആഭ്യന്തര തീരുമാനമാണ്. നിലവിൽ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായാണ് സമരരംഗത്തുള്ളതെന്നും, സംയുക്ത പ്രക്ഷോഭത്തിന് തുരങ്കം വെക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും എം.എ. ബേബി വ്യക്തമാക്കി.





