കൊല്ലൂർ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശത്താണെന്ന വിവരം സ്ഥിരീകരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അദ്ദേഹം രണ്ട്-മൂന്ന് ദിവസത്തേക്ക് മാത്രമാണ് മാറിനിൽക്കുന്നതെന്നും ഇതിൽ യാതൊരു അസ്വാഭാവികതയോ വിവാദമാക്കേണ്ട കാര്യങ്ങളോ ഇല്ലെന്നും ട്വന്റിഫോറിനോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിവിധ സംഘടനകളും ഇന്ത്യ സഖ്യവും സിജെപിയും തെരുവിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമ്പോൾ, സമരത്തെ നയിക്കേണ്ട പ്രതിപക്ഷ നേതാവ് രാജ്യം വിട്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി അനുഭാവികൾ സമൂഹമാധ്യമങ്ങളിൽ കടുത്ത പരിഹാസം ഉയർത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.
നവംബർ ഒന്നിന് ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണി ഡൽഹിയിൽ വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു. സമീപകാലത്തൊന്നും തലസ്ഥാന നഗരി കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വലിയൊരു ജനപ്രവാഹം അന്ന് കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





