നാഗ്പൂർ: ഇന്ത്യയിൽ ഭരണ അട്ടിമറി നടക്കില്ലെന്നും രാജ്യത്തിന്റെ സ്ഥിരതയും സമാധാനവും തകർക്കാനാണ് പ്രക്ഷോഭങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. നാഗ്പൂരിൽ വിജയദശമി ദിന സന്ദേശം നൽകവെയാണ് ബംഗ്ലാദേശിലെയും ഫ്രാൻസിലെയും സംഭവങ്ങൾ ചൂണ്ടിക്കാട്ടി രാജ്യത്തെ ഇപ്പോഴത്തെ പ്രതിഷേധങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞത്.
വിദേശശക്തികളും പ്രത്യേക താല്പര്യക്കാരുമാണ് ഭരണമാറ്റത്തിനായുള്ള നീക്കങ്ങൾക്ക് പിന്നിലുള്ളതെന്നും ഇത്തരം ശ്രമങ്ങൾ ഇന്ത്യയിൽ വിജയിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ശക്തമായി മുന്നേറരുതെന്ന് ആഗ്രഹിക്കുന്ന ബാഹ്യശക്തികളുടെ സ്വാധീനം ഇതിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണകൂടത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള പ്രക്ഷോഭങ്ങൾ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമാകില്ലെന്ന് വ്യക്തമാക്കിയ മോഹൻ ഭാഗവത്, കേവലം ഭരണം മാറിയതുകൊണ്ട് യാഥാർത്ഥ്യങ്ങൾ മാറില്ലെന്നും കൂട്ടിച്ചേർത്തു. ഇത്തരം പ്രക്ഷോഭങ്ങൾ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾ നടപ്പിലാക്കാനുള്ള ഉപകരണങ്ങളായി മാറുമെന്നും അത് സമൂഹത്തിൽ ആഴത്തിലുള്ള ഭിന്നതകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.





