ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ വേദിയിൽ പരസ്യമായി അധിക്ഷേപ പരാമർശങ്ങൾ നടത്തി ഡിഎംകെ വനിതാ നേതാവ്. കനിമൊഴി എംപിയും ചെന്നൈ മേയർ പ്രിയയും വേദിയിലിരിക്കെ നടന്ന പ്രസംഗത്തിൽ മുഖ്യമന്ത്രിയെ പലതവണ അസഭ്യവാക്കുകൾ ഉപയോഗിച്ച് വിളിച്ചതായും, ഇത്തരത്തിലാണ് പോക്കെങ്കിൽ വിജയ് അധികം വൈകാതെ മൂക്കിൽ പഞ്ഞിവെച്ച് കിടക്കേണ്ടി വരുമെന്ന് പരാമർശിച്ചതായും റിപ്പോർട്ടുണ്ട്. നേതാവിന്റെ മോശം പ്രതികരണങ്ങളിൽ വേദിയിലിരുന്ന കനിമൊഴി കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചു.
സോഷ്യൽ മീഡിയയിലെ റീലുകൾ മുൻനിർത്തി മാത്രമാണ് വിജയ് അധികാരത്തിൽ വന്നതെന്നും, എം.കെ. സ്റ്റാലിൻ കൊണ്ടുവന്ന വികസന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതല്ലാതെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ പുതിയ ടിവികെ സർക്കാരിന് സാധിക്കുന്നില്ലെന്നും ഭരണം പൂർണ്ണ പരാജയമാണെന്നും വനിതാ നേതാവ് പ്രസംഗത്തിൽ കുറ്റപ്പെടുത്തി.
പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ തെരുവിലും ഓൺലൈനിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വിവാദ പരാമർശം ഉയർന്ന വേദിയിലുണ്ടായിരുന്ന കനിമൊഴി ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.





