ബെംഗളൂരു: വീട്ടുവാടക ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിൽ അഭിഭാഷകനെ വാടകക്കാരായ ഓൺലൈൻ ഡെലിവറി ജീവനക്കാർ വെടിവെച്ചുകൊന്നു. വൈറ്റ്ഫീൽഡ് പട്ടനൂർ അഗ്രഹാര സ്വദേശിയായ മഞ്ജുനാഥ് ആണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തി ഒളിവിൽപോയ ബിഹാർ സ്വദേശികളായ രണ്ട് യുവാക്കൾക്കായി വൈറ്റ്ഫീൽഡ് പോലീസ് ഊർജ്ജിത തിരച്ചിൽ തുടങ്ങി.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. വാടക നൽകുന്നതുമായി ബന്ധപ്പെട്ട് മഞ്ജുനാഥും ബിഹാർ സ്വദേശികളായ വാടകക്കാരും തമ്മിൽ ദിവസങ്ങളായി തർക്കം നിലനിന്നിരുന്നു. സംഭവത്തിന് ഒരു മണിക്കൂർ മുൻപും ഇവർ തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
തർക്കത്തിനിടെ പ്രകോപിതരായ പ്രതികൾ മഞ്ജുനാഥിന്റെ നെറ്റിയിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം തൽക്ഷണം മരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘം തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.





