ചെന്നൈ: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി പദവിയും രാജ്യസഭാ അംഗത്വവും ഒഴിഞ്ഞ എൽ. മുരുഗന്റെ രാജി സ്വാഭാവികമല്ലെന്നും, ബോളിവുഡ് നടി നൽകിയ പരാതിയെ തുടർന്നാണെന്നും സൂചന. അനുചിതമായ സന്ദേശങ്ങൾ അയച്ചതിനെതിരെ നടി ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചതിന് പിന്നാലെയാണ് മുരുഗൻ രാജിവെച്ചതെന്നാണ് വിവരം. 2030 വരെ കാലാവധിയുണ്ടായിരുന്നിട്ടും രാജ്യസഭാ എംപി സ്ഥാനവും അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു.
നാല് മാസത്തിനിടെ രാജിവെക്കുന്ന മൂന്നാമത്തെ കേന്ദ്രമന്ത്രിയായ മുരുഗൻ, കുറച്ചുനാളുകളായി ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട് സന്ദർശനത്തിന് തൊട്ടുപിന്നാലെയായിരുന്നു ഈ രാജി.
അതേസമയം, തമിഴ്‌നാട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുമാണ് പദവി ഒഴിഞ്ഞതെന്നാണ് മുരുഗന്റെ വിശദീകരണം. 'രാജ്യം ഒന്നാമത്, പാർട്ടി രണ്ടാമത്, സ്വന്തം കാര്യം അവസാനം' എന്ന് എക്സിൽ കുറിച്ച അദ്ദേഹം, 2029-ലെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തമിഴ്‌നാട്ടിലെ തെരുവുകളിലും ക്ഷേത്രങ്ങളിലും ജനങ്ങളെയും പ്രവർത്തകരെയും നേരിൽ കാണാൻ പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് രാജിവെച്ചതെന്നും വ്യക്തമാക്കി.





