ന്യൂഡൽഹി: ഐആർസിടിസി വഴി ബുക്ക് ചെയ്യുന്ന ഓൺലൈൻ ഇ-ടിക്കറ്റുകൾക്ക് പുറമെ റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽ നിന്ന് നേരിട്ട് വാങ്ങുന്ന ഓഫ്ലൈൻ ടിക്കറ്റുകൾക്കും 2026 ഒക്ടോബർ 27 മുതൽ ട്രാവൽ ഇൻഷുറൻസ് സുരക്ഷാ പരിരക്ഷ നിർബന്ധമാക്കി സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അമാനുള്ള, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിർദേശം നടപ്പിലാക്കുന്നതിൽ കാലതാമസമോ വീഴ്ചയോ ഉണ്ടായാൽ റെയിൽവേ ബോർഡ് നേരിട്ട് ഉത്തരവാദികളായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
കൗണ്ടർ ടിക്കറ്റുകൾ എടുക്കുന്ന സാധാരണ യാത്രക്കാർക്ക് പരിരക്ഷ ഉറപ്പാക്കാൻ ഒരു സംവിധാനം രൂപീകരിക്കാൻ മതിയായ സമയം നൽകിയിട്ടും റെയിൽവേ വൈകിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. നികുതി ഉൾപ്പെടെ 45 പൈസ പ്രീമിയം നിരക്കിൽ നിലവിൽ ഓൺലൈൻ ടിക്കറ്റുകളിൽ ഐച്ഛികമായി നൽകിവരുന്ന ഈ ഇൻഷുറൻസ് പരിരക്ഷ, സമാനമായ കുറഞ്ഞ നിരക്കിൽ ഓഫ്ലൈൻ യാത്രക്കാർക്കും ഉറപ്പാക്കാൻ റെയിൽവേ ബോർഡ് നടപടിയെടുക്കേണ്ടതുണ്ട്.
ഐആർസിടിസി മാനദണ്ഡങ്ങൾ പ്രകാരം അപകടമരണത്തിനോ പൂർണ്ണമായ സ്ഥിര വൈകല്യത്തിനോ 10 ലക്ഷം രൂപയും, ഭാഗിക സ്ഥിര വൈകല്യത്തിന് 7.5 ലക്ഷം രൂപയും, ആശുപത്രി ചികിത്സയ്ക്ക് 2 ലക്ഷം രൂപയും ഈ പദ്ധതി വഴി അനുവദിക്കും. ഇതിനുപുറമെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള യാത്രാച്ചെലവുകൾക്കായി 10,000 രൂപയും പോളിസി ഉറപ്പുനൽകുന്നുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് ഇതിന് അർഹതയുള്ളതെന്നും വിദേശ പൗരന്മാർക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നും റെയിൽവേ വ്യക്തമാക്കുന്നു.
ടിക്കറ്റ് എടുത്ത ശേഷം പോളിസി വിവരങ്ങളും നോമിനേഷൻ ലിങ്കും എസ്എംഎസ്, ഇമെയിൽ വഴി ലഭ്യമാകും; ടിക്കറ്റ് ഹിസ്റ്ററിയിൽ പോളിസി നമ്പർ കാണാമെങ്കിലും നോമിനി വിവരങ്ങൾ പൂരിപ്പിച്ചില്ലെങ്കിൽ നിയമപരമായ അവകാശികൾക്കായിരിക്കും തുക ലഭിക്കുകയെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.





