ന്യൂഡൽഹി: ദേശീയ കൺവീനർ അഭിജീത് ദീപ്കെയുടെ അറസ്റ്റ് വകവെക്കാതെ കൊണാട്ട് പ്ലേസിൽ ജനങ്ങൾ കൂട്ടത്തോടെ ത്രിവർണപതാകയേന്തി പങ്കെടുത്തതോടെ 'ലഹ്റാ ദോ തിരംഗ' പ്രതിഷേധം വൻ വിജയമായെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനം, പ്രവർത്തനരീതി, പെരുമാറ്റം എന്നിവയിൽ സമഗ്രമായ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങുന്നത് നേതാക്കളെ അറസ്റ്റ് ചെയ്ത് തടയാനാകില്ലെന്ന് പ്രസ്താവനയിലൂടെ പാർട്ടി വ്യക്തമാക്കി.
പ്രതിഷേധവേദിയിലേക്ക് നടന്നുപോവുകയായിരുന്ന അഭിജീത് ദീപ്കെയെ വസതിയിൽനിന്ന് ഡൽഹി പോലീസ് അന്യായമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് സിജെപി ആരോപിച്ചു. മണിക്കൂറുകൾ കഴിഞ്ഞിട്ടും അദ്ദേഹത്തെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന് കുടുംബത്തിനോ അഭിഭാഷകർക്കോ പോലീസ് വ്യക്തമാക്കിയിട്ടില്ലെന്നും, അദ്ദേഹത്തിന്റെ തടങ്കൽസ്ഥലം വെളിപ്പെടുത്തി ഉടൻ മോചിപ്പിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
സമാധാനപരമായി പ്രതിഷേധിച്ച പൗരന്മാർക്കും വിദ്യാർഥികൾക്കും യുവാക്കൾക്കും നേരെ പോലീസ് ക്രൂരമായ അക്രമങ്ങളും ആക്രമണാത്മക നടപടികളുമാണ് അഴിച്ചുവിട്ടതെന്ന് ആരോപിച്ച സിജെപി, ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു.





