ദിസ്പൂർ: തെരുവ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് കേന്ദ്ര സർക്കാരിനെ താഴെയിറക്കാനും ഭരണമാറ്റം കൊണ്ടുവരാനും രാജ്യവിരുദ്ധ ശക്തികൾ ശ്രമിക്കുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ജനപിന്തുണ നേടാൻ സാധിക്കാത്തവരാണ് അരാജകത്വത്തിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ച വീഡിയോകളിൽ കാണുന്ന വ്യക്തികളെ തിരിച്ചറിയാൻ ജനങ്ങൾ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനാധിപത്യവിരുദ്ധ മാർഗ്ഗങ്ങളിലൂടെ അധികാരം അട്ടിമറിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഇവരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യൻ ജനാധിപത്യം അതീവ ശക്തമാണെന്നും തെരഞ്ഞെടുപ്പ് വിജയങ്ങൾ തെളിയിക്കുന്നതുപോലെ ജനപിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനും ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനെ അട്ടിമറിക്കാനുള്ള ഇത്തരം രാജ്യവിരുദ്ധ നീക്കങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുക്കുമെന്നും ശർമ്മ കൂട്ടിച്ചേർത്തു.





