ന്യൂഡൽഹി: ദേശീയതലസ്ഥാനത്ത് സിജെപി നടത്തിയ 'ലഹ്റാ ദോ തിരംഗ' പ്രതിഷേധത്തിനിടെ ആക്ടിവിസ്റ്റ് അഭിജീത് ദീപ്കെയെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. പോലീസിന്റെ ഈ നടപടി ശുദ്ധ ഏകാധിപത്യമാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, രാജ്യത്ത് ത്രിവർണ്ണ പതാക ഉയർത്തുന്നത് കുറ്റകൃത്യമാണോ എന്നും ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധക്കാരെ ഭയക്കുകയാണെന്നും എക്സിലെ കുറിപ്പിലൂടെ കെജ്രിവാൾ ആരോപിച്ചു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ നിലനിന്നിരുന്ന കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ മാർച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഡൽഹി പോലീസ് ദീപ്കെയെ തടങ്കലിലാക്കിയത്.





