മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകരും വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും ചേർന്ന് മുംബൈയിലെ ആസാദ് മൈതാനിൽ 'ലഹ്റാ ദോ തിരംഗ' പ്രതിഷേധം സംഘടിപ്പിച്ചു. വെള്ളിയാഴ്ച ദേശീയപതാകയേന്തി ഒത്തുകൂടിയ സമരക്കാർ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു.
ഡൽഹിയിലെ ജന്തർമന്തറിൽ അതിക്രമിച്ചുകയറി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയതിന് ബുധനാഴ്ച അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രകടനം. റാലിക്ക് അനുമതി നൽകിയിരുന്നതായി വ്യക്തമാക്കിയ മുംബൈ പോലീസ്, ക്രമസമാധാന പാലനത്തിനായി ആസാദ് മൈതാനത്തിനും സമീപത്തെ ഛത്രപതി ശിവാജി മഹാരാജ് മെട്രോ സ്റ്റേഷനും ചുറ്റുമായി 500 ഓളം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു.
തലസ്ഥാനത്ത് പ്രതിഷേധക്കാർക്ക് നേരെ ഡൽഹി പോലീസ് അഴിച്ചുവിട്ട ക്രൂരതയ്ക്ക് അധികൃതർ കണക്കുപറയണമെന്ന് യോഗത്തിൽ സംസാരിച്ച സാമൂഹിക പ്രവർത്തക അഞ്ജലി ദമാനിയ ആവശ്യപ്പെട്ടു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ രൂക്ഷമായ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) നേതാവ് സന്ദീപ് ദേശ്പാണ്ഡെ ആരോപിച്ചു.





