ന്യൂഡൽഹി: ഫോൺ വിളിക്കുന്ന ആളുടെ പേര് മൊബൈൽ സ്ക്രീനിൽ സ്വമേധയാ പ്രദർശിപ്പിക്കുന്ന 'കോളിങ് നെയിം പ്രസന്റേഷൻ' (സിഎൻഎപി) സംവിധാനം 2026 നവംബർ ഒന്നു മുതൽ നടപ്പാക്കണമെന്ന് ടെലികോം സേവനദാതാക്കൾക്ക് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ (ഡിഒടി) കർശന നിർദേശം. 4ജി, 5ജി നെറ്റ്വർക്കുകളിലുള്ള ഉപഭോക്താക്കൾക്ക് ഈ സേവനം ഡിഫോൾട്ടായി ലഭ്യമാകും; 2ജി, 3ജി നെറ്റ്വർക്കുകളിലും പബ്ലിക് സ്വിച്ചഡ് ടെലിഫോൺ നെറ്റ്വർക്കുകളിലും (പിഎസ്ടിഎൻ) ഇത് നടപ്പിലാക്കുന്നത് പിന്നീട് പരിഗണിക്കും.
പുതിയ ഉത്തരവ് പ്രകാരം, കോൾ വരുമ്പോൾ ഫോൺ സ്ക്രീനിലെ ആദ്യ വരിയിൽ വിളിക്കുന്നയാളുടെ നമ്പറും, രണ്ടാമത്തെ വരിയിൽ കോൺടാക്റ്റിൽ സൂക്ഷിച്ചിട്ടുള്ള പേരും കാണിക്കും. നമ്പർ സേവ് ചെയ്തിട്ടില്ലാത്ത ആഭ്യന്തര കോളുകളാണെങ്കിൽ, സിം കാർഡ് എടുത്ത ടെലികോം കമ്പനിയുടെ ഡാറ്റാബേസിലുള്ള വരിക്കാരന്റെ ഔദ്യോഗിക പേര് രണ്ടാമത്തെ വരിയിൽ ദൃശ്യമാകും; വിദേശത്തുനിന്നുള്ള കോളുകൾക്ക് 'ഇന്റർനാഷണൽ കോൾ' എന്നാകും എഴുതിക്കാണിക്കുക. ഉപഭോക്താക്കളുടെ പേരും നമ്പറും ചേർത്തുള്ള ഡാറ്റാബേസ് തയ്യാറാക്കി സൂക്ഷിക്കാൻ എല്ലാ കമ്പനികൾക്കും ബാധ്യതയുണ്ടാകും.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി കോൾ അവസാനിച്ചുകഴിഞ്ഞാൽ അന്വേഷണ-പ്രതികരണ സംവിധാനത്തിലൂടെ ഈ പേരുകൾ നിലനിർത്താൻ അനുവാദമുണ്ടാകില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കോളിങ് ലൈൻ ഐഡന്റിഫിക്കേഷൻ റെസ്ട്രിക്ഷൻ സൗകര്യം എടുത്തവരുടെ പേരുകൾ കാണിക്കില്ല. വാണിജ്യ-ബൾക്ക് കണക്ഷനുകൾക്ക് ട്രേഡ്മാർക്ക് രജിസ്ട്രിയിലോ ജിഎസ്ടി പോർട്ടലിലോ രജിസ്റ്റർ ചെയ്ത പേര് കൃത്യമായ രേഖകൾ സമർപ്പിച്ച് സ്ക്രീനിൽ പ്രദർശിപ്പിക്കാം. കഴിഞ്ഞ ഏതാനും മാസങ്ങളായി 4ജി, 5ജി നെറ്റ്വർക്കുകളിൽ നടത്തിയ പരീക്ഷണങ്ങൾക്കും, 2024 ഫെബ്രുവരിയിലെ ട്രായ് നിർദേശങ്ങൾക്കും, 2025 ഒക്ടോബറിലെ ട്രായ് സമ്മതത്തിനും പിന്നാലെയാണ് പുതിയ ഉത്തരവ് വരുന്നത്.





