ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനും (എസ്ഐആർ) ഫോം സിക്സിനുമെതിരെ ഇന്ത്യ മുന്നണി സമർപ്പിച്ച ഹർജികളിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസയച്ചു. ഇതിനൊപ്പം, ജന്തർ മന്തറിനെ പ്രതിഷേധ വേദിയല്ലാതാക്കി മാറ്റിയ ഭരണകൂട തീരുമാനത്തിനെതിരെ രാഹുൽ ഗാന്ധിയും മറ്റ് ഇന്ത്യ സഖ്യ നേതാക്കളും നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതിഷേധങ്ങൾ ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുന്ന ഇടങ്ങളിലായിരിക്കണമെന്നും ജന്തർ മന്തർ അത്തരമൊരു വേദിയാണെന്നും ചൂണ്ടിക്കാട്ടിയ ഹർജിക്കാർ, തടങ്കൽ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിച്ചുസൂക്ഷിക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ഇന്ത്യ സഖ്യം സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തിയതിൽ അതൃപ്തി വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് നോട്ടീസ് അയക്കുകയും സുപ്രീംകോടതി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ നിർദേശം നൽകുകയും ചെയ്തു.





