ന്യൂഡൽഹി: സോളാർ പീഡന പരാതിയിൽ കൃത്രിമമായി പേജുകൾ കൂട്ടിച്ചേർത്തെന്ന ഗൂഢാലോചന കേസിൽ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ മുൻ മന്ത്രി കെ. ബാബു കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകി. കെ.ബി. ഗണേഷ് കുമാറും കേസിലെ പരാതിക്കാരിയും തമ്മിൽ ബന്ധമുണ്ടെന്ന് പ്രതി ബിജു രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയോട് വെളിപ്പെടുത്തിയിരുന്നുവെന്നും, ഈ വിവരം ഉമ്മൻ ചാണ്ടി നേരിട്ടാണ് തന്നോട് പറഞ്ഞതെന്നും കെ. ബാബു കോടതിയെ അറിയിച്ചു.
പരാതിയിലെ പേജുകൾ വർധിപ്പിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് കാട്ടി അഭിഭാഷകനായ സുധീർ ജേക്കബ് സമർപ്പിച്ച ഹർജിയിലാണ് ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരിയുമായി ഗണേഷ് കുമാറിന് അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹത്തിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സുധീർ മലയിലും നേരത്തെ മൊഴി നൽകിയിരുന്നു.
പത്തനംതിട്ട ജയിലിൽ കഴിയവെ തയ്യാറാക്കി അഡ്വ. ഫെന്നി ബാലകൃഷ്ണൻ മുഖേന കോടതിക്ക് നൽകിയ 21 പേജുള്ള കത്തിൽ, ഗൂഢാലോചന നടത്തി ഉമ്മൻ ചാണ്ടിയുടെ പേരടക്കം ഉൾപ്പെടുത്തി നാല് പേജുകൾ അധികമായി ചേർത്ത് 25 പേജാക്കി വ്യാജരേഖ ചമച്ചുവെന്നാണ് കേസ്. മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിലുള്ള വ്യക്തിവൈരാഗ്യം മൂലമാണ് ഗണേഷ് കുമാർ ഈ വ്യാജരേഖ ഉണ്ടാക്കിയതെന്നും പരാതിയിലുണ്ട്.





