ന്യൂഡൽഹി: ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം ഉൾപ്പെടെയുള്ള ഇതര മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്ന വ്യക്തികൾക്ക് സംവരണാനുകൂല്യങ്ങൾ സ്വാഭാവികമായി അവകാശപ്പെടാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. തമിഴ്നാട് സർക്കാരിന്റെ 2024-ലെ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി പൂർണ്ണമായും ശരിവെച്ച ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ച്, സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ തള്ളി.
മതപരിവർത്തനം നടത്തുന്നതിലൂടെ മുൻപുണ്ടായിരുന്ന സാമൂഹിക പിന്നാക്കാവസ്ഥയോ ജാതിപദവിയോ പുതിയ മതത്തിലേക്ക് സ്വമേധയാ കൈമാറ്റം ചെയ്യപ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 16(4) പ്രകാരമുള്ള സംവരണാനുകൂല്യങ്ങൾ മുൻപത്തെ പദവി മാത്രം മുൻനിർത്തി ആവശ്യപ്പെടാനാവില്ലെന്നും, 1950-ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങൾക്ക് പുറത്തുള്ളവർക്ക് പട്ടികജാതി സംവരണത്തിന് അർഹതയില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. പരിവർത്തനത്തിനു ശേഷം തിരികെ ഹിന്ദുമതത്തിലേക്ക് എത്തുന്നവർക്കാകട്ടെ, പഴയ ജാതിപദവി വീണ്ടുകിട്ടിയിട്ടുണ്ടോ എന്ന് വ്യക്തിഗത പരിശോധനയിലൂടെ ഉറപ്പുവരുത്തിയാൽ മാത്രമേ സംവരണം പുനഃസ്ഥാപിക്കാനാവൂ.





