ന്യൂഡൽഹി: ഇന്ദിരാഗാന്ധിയുടെ പേരിൽ നടപ്പിലാക്കിവന്ന വിവിധ കേന്ദ്ര സാമൂഹിക സുരക്ഷാ പെൻഷനുകളുടെയും അനുബന്ധ പദ്ധതികളുടെയും പേരുകൾ മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2026-27 മുതൽ 2030-31 വരെയുള്ള അഞ്ച് വർഷ കാലയളവിലേക്ക് 53,428 കോടി രൂപ നീക്കിവെച്ച് ദേശീയ സാമൂഹിക സഹായ പദ്ധതി തുടരാനും മന്ത്രിസഭ അംഗീകാരം നൽകി.
പുതിയ തീരുമാനപ്രകാരം ദേശീയ സാമൂഹിക സഹായ പദ്ധതി 'പ്രധാൻ മന്ത്രി സാമൂഹിക് സഹായത യോജന' എന്നറിയപ്പെടും. ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ പദ്ധതി 'പ്രധാൻ മന്ത്രി വൃദ്ധാവസ്ഥ പെൻഷൻ യോജന' എന്നും, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതി 'പ്രധാൻ മന്ത്രി വിധവാ പെൻഷൻ യോജന' എന്നും, ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി 'പ്രധാൻ മന്ത്രി ദിവ്യാംഗ്ജൻ പെൻഷൻ യോജന' എന്നും, ദേശീയ കുടുംബ ആനുകൂല്യ പദ്ധതി 'പ്രധാൻ മന്ത്രി പരിവാർ ലാഭ് യോജന' എന്നും പുനർനാമകരണം ചെയ്യും.
ഭിന്നശേഷി പെൻഷൻ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും കേന്ദ്രസർക്കാർ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. മുൻപ് 80 ശതമാനം വൈകല്യമുള്ളവർക്ക് മാത്രം നൽകിയിരുന്ന ആനുകൂല്യം ഇനി മുതൽ 40 ശതമാനം വൈകല്യമുള്ളവർക്കും ലഭ്യമാകും; ഇവർക്ക് ജനനം മുതൽ തന്നെ പെൻഷന് അർഹതയുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു.





