മീററ്റ്: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരവ് രജ്പുത്തിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ മുസ്കാൻ റസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്ക്കും മീററ്റ് ജില്ലാ കോടതി വധശിക്ഷ വിധിച്ചു. കോടതി വിധിയിൽ പൂർണ്ണ തൃപ്തിയുണ്ടെന്ന് കൊല്ലപ്പെട്ട സൗരവിന്റെ മാതാവ് രേണുവും സഹോദരൻ രാഹുലും പ്രതികരിച്ചപ്പോൾ, ശിക്ഷാവിധി കേട്ട് പ്രതികൾ കോടതിയിൽ പൊട്ടിക്കരഞ്ഞു.
വിധിപ്രസ്താവത്തിന് പിന്നാലെ ഇരുവരും ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ലെന്നും, തുടർന്നുള്ള നടപടിക്രമങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞതായും ജയിൽ അധികൃതർ വ്യക്തമാക്കി. മരണശിക്ഷ വിധിക്കപ്പെട്ടതോടെ പുതിയ സെല്ലുകളിലേക്ക് മാറ്റിയ പ്രതികളിൽ ശുക്ലയ്ക്ക് വെള്ള കുർത്തയും പൈജാമയും, മുസ്കാന് ക്രീം നിറത്തിലുള്ള സാരിയോ സ്യൂട്ടോ വസ്ത്രമായി നൽകും.
മുസ്കാന്റെ മൂത്ത മകളുടെ സംരക്ഷണം സൗരഭിന്റെ കുടുംബം ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, ജയിലിൽ കഴിയവേ സൗരഭിന്റെ ജന്മദിനത്തിൽ കാമുകനിൽ മുസ്കാന് ജനിച്ച കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം വ്യക്തമാക്കി.





