ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾക്കൊപ്പം ഇന്ത്യാ ഗേറ്റിൽ മിന്നൽ ധർണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. അങ്കിതയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ദുഷ്യന്ത് കുമാറിനെ സിക്കിം ഗവർണറായി നിയമിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് കുടുംബം സമരരംഗത്തിറങ്ങിയത്.
തങ്ങളുടെ പ്രക്ഷോഭങ്ങളുടെ രീതി ഇനി മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്ന സാഹചര്യത്തിലാണ് അങ്കിതയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാക്കൾ നേരിട്ട് പ്രതിഷേധ വേദിയിലെത്തിയത്. ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ ജോലി ചെയ്യവേയാണ് അങ്കിത കൊല്ലപ്പെടുന്നത്; ഈ കേസിൽ പുൽകിത് ആര്യ പ്രതിക്കൂട്ടിലായിരുന്നു.
അങ്കിതയുടെ കൊലപാതകം നടന്ന സമയത്ത് ബിജെപിയുടെ ഉത്തരാഖണ്ഡ് സംസ്ഥാന ചുമതല വഹിച്ചിരുന്ന ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു ദുഷ്യന്ത് കുമാർ ഗൗതം. കൊലപാതകവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്കിടയിലും അദ്ദേഹത്തെ സിക്കിം ഗവർണർ പദവിയിൽ നിയമിച്ചതാണ് മാതാപിതാക്കളുടെയും കോൺഗ്രസ് നേതൃത്വത്തിന്റെയും ശക്തമായ പ്രതിഷേധത്തിന് വഴിവെച്ചത്.





