ന്യൂഡൽഹി: ജന്തർ മന്തറിലെ മിന്നൽ സമരത്തിന് പിന്നാലെ അറസ്റ്റിലായ സിജെപി പ്രവർത്തകരെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടപടിയിൽ പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ഡൽഹിയിലേക്ക് അയച്ച ഗുണ്ടകൾ പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയും മർദിക്കുകയും പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുകയും ചെയ്തിട്ടും പോലീസിന് ആരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചില്ലെന്നും, പകരം ദേശീയപതാകയുമായി ജന്തർ മന്തറിൽ പ്രവേശിച്ച യുവാക്കളെ റിമാൻഡ് ചെയ്യുകയാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
ഗുണ്ടകൾക്ക് പോലീസ് യൂണിഫോമും ലാത്തിയും നൽകി സർക്കാർ തുറന്നുവിട്ടിരിക്കുകയാണെന്ന് ആരോപിച്ച പ്രകാശ് രാജ്, കേന്ദ്രം ജന്തർ മന്തറിനെ സമരകേന്ദ്രമല്ലാതാക്കി മാറ്റിയെന്നും നിലവിൽ പ്രതിഷേധിക്കാൻ പോലും പണം നൽകേണ്ട ഗതികേടിലാണ് രാജ്യമെന്നും വിമർശിച്ചു. സമരങ്ങൾ സംഘടിപ്പിക്കാൻ അൻഡമാൻ നിക്കോബാറിലോ മരുഭൂമിയിലോ ഹിമാലയ കൊടുമുടികളിലോ ഇടം നൽകിക്കൂടേയെന്നും അദ്ദേഹം പരിഹസിച്ചു.
ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താൻ ഭരണകൂടത്തിന് കഴിയില്ലെന്നും രാജ്യത്തെ ഓരോ തെരുവുകളും ജന്തർ മന്തറായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാല്യകാലത്ത് പ്രധാനമന്ത്രി മുതലയെ പിടിച്ചിട്ടുണ്ടാകാമെങ്കിലും പാറ്റകളെ പിടിക്കാൻ ഭയപ്പെടുന്നയാളാണെന്നും പ്രകാശ് രാജ് പരിഹസിച്ചു.





