ചെന്നൈ: തെലുങ്ക് ഗംഗാ പദ്ധതി പ്രകാരം ചെന്നൈ നഗരത്തിലേക്ക് കൃഷ്ണാനദിയിൽ നിന്ന് കൂടുതൽ കുടിവെള്ളം ലഭ്യമാക്കുന്ന കാര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും തമ്മിൽ വിജയവാഡയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. പ്രതിവർഷം അനുവദിച്ചിട്ടുള്ള 12 ടിഎംസി വെള്ളത്തിൽ 2.251 ടിഎംസി മാത്രമാണ് നിലവിൽ തമിഴ്നാടിന് ലഭിച്ചതെന്നും, ഇത് കാരണം തലസ്ഥാന നഗരത്തിലെ റിസർവോയറുകളിലെ സംഭരണശേഷി 34 ശതമാനമായി ഇടിഞ്ഞെന്നും ചൂണ്ടിക്കാട്ടിയ വിജയ് ഈ മാസം തന്നെ രണ്ട് ടിഎംസി വെള്ളം തുറന്നുവിടണമെന്ന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ജോസഫ് വിജയ്യുടെ ആദ്യ അയൽസംസ്ഥാന സന്ദർശനത്തിലാണ് ജലവിഹിതത്തിലെ കുറവും നദീസംയോജന പദ്ധതികളും പ്രധാന അജണ്ടയായത്.
കൂടിക്കാഴ്ചയിൽ ഗോദാവരി-കൃഷ്ണ-കാവേരി നദികളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും ഇരു നേതാക്കളും വിലയിരുത്തി. അന്തർസംസ്ഥാന പ്രാധാന്യമുള്ള ഇത്തരം നദീജല സംയോജന പദ്ധതികൾ കേന്ദ്ര സർക്കാർ നേരിട്ട് ഏറ്റെടുത്ത് നടപ്പിലാക്കണമെന്ന നിലപാടാണ് ചന്ദ്രബാബു നായിഡു മുന്നോട്ടുവെച്ചത്.





