കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ കത്തി ഉപയോഗിച്ച് ആക്രമണശ്രമം ഉണ്ടായെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. കൊൽക്കത്ത കാളിഘട്ടിൽ പൂജാ ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ സംഭവത്തിന് പിന്നിൽ ബിജെപിയുടെ ആസൂത്രിത ഗൂഢാലോചനയാണെന്ന് വ്യക്തമാക്കിയ ടിഎംസി, കാളിഘട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇസഡ് പ്ലസ് (Z+) കാറ്റഗറി സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി ടിഎംസി എംപി സാകേത് ഗോഖലെയാണ് എക്സ് (X) പോസ്റ്റിലൂടെ വിഷയം ഉന്നയിച്ചത്. ദീദിയെ ഇല്ലാതാക്കാൻ ഡൽഹിയിൽ വെച്ച് അവർ തീരുമാനിച്ചതാണോ എന്നും, ഇത് ബിജെപിയുടെ ഗൂഢാലോചനയാണോ എന്നും അദ്ദേഹം ചോദിച്ചു.
സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കുമോ എന്നും ഇതിന് അമിത് ഷാ അനുമതി നൽകിയിരുന്നോ എന്നും ഗോഖലെ കുറിച്ചു; അതേസമയം ബിജെപി ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരിക്കാം ഇതെന്നാണ് ആരോപണത്തിൽ പറയുന്നത്.





