ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (കെയുഡബ്ല്യുജെ) സുപ്രീം കോടതിയെ സമീപിച്ചു. മാധ്യമപ്രവർത്തകരെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ചതിനും ശാരീരികമായി കൈയേറ്റം ചെയ്തതിനും എതിരെയാണ് സംഘടന പരമോന്നത കോടതിയിൽ ഹർജി നൽകിയത്.
സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുക്കരുതെന്ന മുൻ സുപ്രീം കോടതി നിർദ്ദേശം ലംഘിച്ചുകൊണ്ടാണ് ഡൽഹി പോലീസ് അതിക്രമം കാട്ടിയതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
പോലീസ് നടപടി മൂലം നിരവധി മാധ്യമപ്രവർത്തകർക്ക് ജോലി ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്നും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ഉണ്ടായതെന്നും കെയുഡബ്ല്യുജെ കോടതിയെ ബോധിപ്പിച്ചു.





