ബെംഗളൂരു: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും പൗരന്റെ വോട്ടവകാശം നിഷേധിക്കുന്ന എസ്ഐആർ പൂർണ്ണമായി റദ്ദാക്കണമെന്നും നടൻ പ്രകാശ് രാജ്. ബെംഗളൂരു ഫ്രീഡം പാർക്കിൽ സിജെപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുക മാത്രമല്ല തങ്ങളുടെ ലക്ഷ്യമെന്ന് പ്രകാശ് രാജ് വ്യക്തമാക്കി. ഒരാൾ പോയാൽ പകരം മറ്റൊരാൾ വരുമെന്നും, അതുകൊണ്ടുതന്നെ എസ്ഐആർ എന്ന സംവിധാനം തന്നെ ഇല്ലാതാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും മൗലികാവകാശമാണെന്നും അതിനെ ഹനിക്കുന്നതാണ് പുതിയ പരിഷ്കാരമെന്നും അദ്ദേഹം വിമർശിച്ചു. നിലവിലെ പ്രതിഷേധം ഒരു സാമ്പിൾ മാത്രമാണെന്നും എസ്ഐആർ പിൻവലിക്കുന്നതുവരെ സമാധാനപരമായ പോരാട്ടം തുടരുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.





