ഡൽഹി: ധർമേന്ദ്ര പ്രധാൻ ആദ്യ വിക്കറ്റാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് അടുത്തതെന്നും സിജെപി കൺവീനർ അഭിജിത് ദീപ്കെ. വോട്ടുകൾ മോഷ്ടിച്ചും ഒഴിവാക്കിയുമാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെത്തിയതെന്നും അദ്ദേഹം ആരോപിച്ചു. മോദി ജനാധിപത്യത്തിന്റെ കൊലയാളിയാണെന്നും നാഥുറാം ഗോഡ്സെയുടെ ആശയങ്ങളാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം, ജനങ്ങളുടെ മേൽ പൂർണ്ണ ഉടമസ്ഥാവകാശം നേടുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും കുറ്റപ്പെടുത്തി.
വോട്ടുകൾ നീക്കം ചെയ്താൽ ദീർഘകാലം പ്രധാനമന്ത്രിയായി തുടരാമെന്നാണ് മോദി കരുതുന്നത്. ജയിക്കാൻ മറ്റ് വഴികളില്ലാത്തതിനാൽ രാജ്യത്തെ സമസ്ത സംവിധാനങ്ങളെയും തകർക്കാനാണ് നീക്കം. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നത് ബാഹ്യമായ മുദ്രാവാക്യം മാത്രമാണെന്നും ‘ഒരു രാജ്യം ഒരു പാർട്ടി’ എന്നതാണ് യഥാർത്ഥ അജണ്ടയെന്നും ദീപ്കെ ആരോപിച്ചു.
രാജ്യത്തുടനീളം മൂന്ന് കോടി വോട്ടുകളാണ് ഇത്തരത്തിൽ നീക്കം ചെയ്തത്. കർണാടകയിൽ മാത്രം ഏകദേശം ഒരു കോടിയോളം വോട്ടുകൾ വെട്ടിമാറ്റി. എൻഡിഎ അധികാരത്തിൽ എത്തിയത് വെറും രണ്ട് ശതമാനം വോട്ടുകൾ അധികം നേടിയാണെന്നിരിക്കെ, നീക്കം ചെയ്ത വോട്ടുകളുടെ തോത് അതിലും എത്രയോ മുകളിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ പിണറായി വിജയൻ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കിയതും തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തിയതും എസ്ഐആർ വഴിയാണെന്നും അഭിജിത് ദീപ്കെ കൂട്ടിച്ചേർത്തു.





