ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ഇന്ത്യാ മുന്നണി എംപിമാർ തലസ്ഥാനത്ത് സംഘടിപ്പിച്ച പ്രക്ഷോഭത്തിനിടെ രാഹുൽ ഗാന്ധി വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന് ബിജെപി ആരോപിച്ചു. റോഡിൽ കിടന്ന് സമരം ചെയ്ത പ്രിയങ്കാ ഗാന്ധിയെ സ്ഥലത്തുനിന്ന് നീക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥയെ രാഹുൽ ഗാന്ധി തള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ബിജെപി തെളിവായി പുറത്തുവിട്ടു.
പ്രതിഷേധത്തിനിടെ വനിതാ ഉദ്യോഗസ്ഥർക്ക് നേരെയടക്കം കയ്യേറ്റം ഉണ്ടായതായി ഡൽഹി പോലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം തുടർനടപടികളിലേക്കും കേസ് രജിസ്റ്റർ ചെയ്യുന്നതിലേക്കും കടക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.





