ഡൽഹി: കേരളത്തിലെ വിവിധ ദേശീയപാത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ദേശീയപാത 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അടിയന്തര നടപടികളുണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ, കോഴിക്കോട് – പാലക്കാട് എൻഎച്ച് 966 പദ്ധതിയുടെ തുടർ അനുമതി മൂന്ന് മാസത്തിനകം നൽകുമെന്നും തിരുവനന്തപുരം ഔട്ടർ റിങ് റോഡ് നിർമ്മാണത്തിന് കേന്ദ്ര മന്ത്രിസഭയുടെ സഹായം ലഭ്യമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
തീർത്ഥാടകർക്ക് ഏറെ പ്രയോജനപ്പെടുന്ന ശബരിമല റോപ്പ് വേ പദ്ധതിയുടെ ഡിപിആർ തയാറാക്കി ആവശ്യമായ എല്ലാ അനുമതികളും വേഗത്തിലാക്കാനും രണ്ടു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാനും യോഗത്തിൽ ധാരണയായി. നിതിൻ ഗഡ്കരിയുമായുള്ള ചർച്ചയിൽ സംസ്ഥാനത്തിന് അനുകൂലമായ നിർണായക തീരുമാനങ്ങൾ ഉണ്ടായതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വെസ്റ്റേൺ എറണാകുളം ബൈപ്പാസ്, കോതമംഗലം–മൂവാറ്റുപുഴ ബൈപ്പാസുകൾ, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗതാഗത കണക്റ്റിവിറ്റി, സംസ്ഥാനത്തെ മറ്റ് റോപ്പ് വേ നിർമ്മാണങ്ങൾ എന്നിവയും വേഗത്തിൽ നടപ്പിലാക്കണമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.





