ബെംഗളൂരു: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) പേരിൽ കർണാടകയിൽ വോട്ടർമാരെ ഒഴിവാക്കിയതിനെതിരെ സിജെപിയുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ പ്രതിഷേധം ആരംഭിച്ചു. സമരത്തിനിടെ അഭിജീത്ത് ദീപ്കെയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും എസ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന ജനകീയ കോടതിക്ക് പിന്നാലെ, സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെരുപ്പ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിജെപി അറിയിച്ചു. പ്രക്ഷോഭത്തിൽ അഭിജീത്ത് ദീപ്കെ, സൗരവ് ദാസ് എന്നിവർക്കൊപ്പം നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജും അണിനിരന്നു.
ഏത് രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യണമെന്നത് ഓരോ പൗരന്റെയും അവകാശമാണെന്നും അത് തടയുന്ന എസ്ഐആർ റദ്ദാക്കും വരെ സമാധാനപരമായി പോരാടുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഇത് വെറുമൊരു സാമ്പിൾ മാത്രമാണെന്നും ജനങ്ങൾക്ക് പ്രശ്നം വരുമ്പോൾ ഒന്നിച്ച് രംഗത്തിറങ്ങുന്നതാണ് കർണാടകയുടെ പ്രത്യേകതയെന്നും കൂട്ടിച്ചേർത്തു.





