ബെംഗളൂരു: വോട്ട് മോഷണം യാഥാർഥ്യമാണെന്നും ജീവിച്ചിരിക്കുന്നവരെപ്പോലും രേഖകളിൽ മരിച്ചവരാക്കി മാറ്റി വോട്ടുകൾ കവർന്നുവെന്നും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. കേന്ദ്രസർക്കാരിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘പീപ്പിൾസ് ട്രിബ്യൂണൽ’ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്യാനേഷ് കുമാറിനേക്കാൾ വലിയൊരു വഞ്ചകൻ വേറെയില്ലെന്നും വോട്ട് കൊള്ളയ്ക്ക് തന്റെ പക്കൽ വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതാദ്യമായാണ് താൻ ബെംഗളൂരുവിൽ എത്തുന്നതെന്നും ഒരു പ്രതിഷേധ സമരത്തിൽ നേരിട്ട് പങ്കെടുക്കുന്നതെന്നും ധ്രുവ് റാഠി പറഞ്ഞു. ആർക്ക് വോട്ട് ചെയ്യണമെന്നത് ഓരോ വ്യക്തിയുടെയും അവകാശമാണെന്നിരിക്കെ, ബിജെപി വോട്ടർമാർക്ക് വോട്ട് കൊള്ള എന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. ബംഗാളിൽ എസ്ഐആറിന് മുൻപുതന്നെ വോട്ടുകൾ തട്ടിയെടുത്തെന്നും ബിഹാറിലും ഇതാണ് ആവർത്തിച്ചതെന്നും ആരോപിച്ച അദ്ദേഹം, എസ്ഐആർ വഴി രാജ്യമെമ്പാടും ഇതേ വോട്ട് കൊള്ളയാണ് നടപ്പാക്കിയതെന്നും ചൂണ്ടിക്കാട്ടി.
സിജെപി ദേശീയ കൺവീനർ അഭിജീത് ദീപ്കെ, നടൻ പ്രകാശ് രാജ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് എന്നിവരും ബെംഗളൂരുവിലെ പീപ്പിൾസ് ട്രിബ്യൂണൽ സമരവേദിയിൽ അണിനിരന്നു.





