ചെന്നൈ: തമിഴ്നാട്ടിലെ ധാരാപുരം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വയോധികയായ വോട്ടറോട് തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയുടെ ‘വിസിൽ’ അടയാളത്തിൽ വോട്ട് രേഖപ്പെടുത്താൻ നിർദ്ദേശിച്ച പോളിങ് ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലയിൽ നിന്ന് മാറ്റി. തിരുപ്പൂർ ജില്ലയിലെ ധാരാപുരം മണ്ഡലത്തിൽപ്പെട്ട കൊളിഞ്ചിവാടിയിലെ ബൂത്തിലാണ് തങ്കമണി എന്ന ഉദ്യോഗസ്ഥനെതിരെ ഈ ആരോപണമുയർന്നത്. പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമാണ് കമ്മീഷൻ ഇയാൾക്കെതിരെ ഉടനടി നടപടിയെടുത്തത്.
ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ രാഷ്ട്രീയ പാർട്ടി ഏജന്റുമാരും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ബൂത്തിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും വോട്ടെടുപ്പ് താൽക്കാലികമായി തടസ്സപ്പെടുകയും ചെയ്തു. തുടർന്ന് ധാരാപുരം പോലീസ് സംഭവസ്ഥലത്തെത്തി പ്രതിഷേധക്കാരെ ശാന്തരാക്കുകയും, വിവാദത്തിലായ ഉദ്യോഗസ്ഥനെ മാറ്റിയ ശേഷം പോളിങ് പുനരാരംഭിക്കുകയും ചെയ്തു.





