ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പദവി ഒഴിയുന്നത് വരെ ഡൽഹി കേന്ദ്രീകരിച്ച് പ്രക്ഷോഭം തുടരാൻ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട സമരത്തിന് ഒക്ടോബർ 10-ന് രാജ്യതലസ്ഥാനത്ത് തുടക്കമാകുമെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഷിബു മീരാൻ, എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു എന്നിവർ അറിയിച്ചു. ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷ കക്ഷികളും പൗരസമൂഹ സംഘടനകളും നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് യുവജന-വിദ്യാർത്ഥി സംഘടനകളുടെ ഈ സംയുക്ത നീക്കം.
ഒക്ടോബർ 10-ന് ഡൽഹി ഘടകത്തിലെ യൂത്ത് ലീഗ്, എംഎസ്എഫ് പ്രവർത്തകരാണ് സമരവേദിയിലെത്തുക. തുടർദിവസങ്ങളിൽ യുപി, ഹരിയാന, പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകർ ഘട്ടംഘട്ടമായി ഡൽഹിയിലെത്തി സമരത്തിന്റെ ഭാഗമാകും. ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രവർത്തകരുടെ തുടർച്ചയായ സാന്നിധ്യം സമരമുഖത്ത് ഉറപ്പാക്കുന്ന രീതിയിലാണ് ദേശീയ കമ്മിറ്റിയുടെ കർമ്മപദ്ധതി.





