ഹൈദരാബാദ്: വോട്ടർപട്ടിക പുതുക്കലിന്റെ (എസ്ഐആർ) ഭാഗമായി ഫോം 7 ദുരുപയോഗം ചെയ്ത് വ്യാജമായി പേര് നീക്കം ചെയ്യാൻ അപേക്ഷ നൽകുന്നവർക്കെതിരെ ശക്തമായ നിയമനടപടിയെടുക്കാൻ തെലങ്കാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) സി. സുദർശൻ റെഡ്ഡി നിർദ്ദേശം നൽകി. ഹൈദരാബാദിൽ നിന്നുള്ള അയ്യായിരത്തോളം എണ്ണം ഉൾപ്പെടെ സംസ്ഥാനത്താകെ 28,753 ഫോം 7 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. രാഷ്ട്രീയ പാർട്ടികളോ മറ്റുള്ളവരോ കൂട്ടത്തോടെ നൽകുന്ന ഇത്തരം അപേക്ഷകളിൽ പേര് ഒഴിവാക്കുന്നതിന് മുൻപ് സമഗ്രമായ സൂക്ഷ്മപരിശോധന നടത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
നിലവിലുള്ള വോട്ടറെ ഒഴിവാക്കാനോ പുതിയ പേര് ഉൾപ്പെടുത്തുന്നതിനെതിരെ ആക്ഷേപം ഉന്നയിക്കാനോ ഉപയോഗിക്കുന്ന ഫോം 7 വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ബിജെപി വൻതോതിൽ വ്യാജ ഫോം 7 അപേക്ഷകൾ നൽകിയെന്ന് ഭരണകക്ഷിയായ കോൺഗ്രസും അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മും ആരോപിച്ചെങ്കിലും ഈ ആക്ഷേപം ബിജെപി നിഷേധിച്ചിരുന്നു.
പരാതികൾ ലഭിച്ചാൽ 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 31, 1960-ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ ചട്ടങ്ങളിലെ റൂൾ 20 എന്നിവ പ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും, അതിനു മുൻപായി കൃത്യമായ അന്വേഷണം പൂർത്തിയാക്കണമെന്നും കളക്ടർമാർക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ഇആർഒമാർക്കും സിഇഒ നിർദ്ദേശം നൽകി.





