മുംബൈ: ബോറിവാലിയിലെ പ്രമുഖ റസ്റ്റോറന്റിൽ നിന്ന് വാങ്ങിയ ദോശയിൽ ചത്ത എലിയെ കണ്ടെത്തിയെന്ന പരാതി ഒതുക്കിത്തീർക്കാൻ ഹോട്ടലുടമയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച രണ്ട് യുവതികളെ ബോറിവാലി പോലീസ് പിടികൂടി. പണം നൽകിയില്ലെങ്കിൽ സ്ഥാപനം പൂർണ്ണമായി പൂട്ടിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന്, ഹോട്ടലുടമ നൽകിയ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 308(2), 3(5) പ്രകാരം കേസ് രജിസ്റ്റർ ചെയ്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബോറിവാലി വെസ്റ്റിലെ രാധാകൃഷ്ണ ഹോട്ടലിൽ നിന്ന് മൈസൂരു മസാല ദോശ കഴിച്ച അമിത് ത്രിവേദി എന്നയാൾ ഭക്ഷണത്തിൽ ചെറിയ എലിയെ കണ്ടെത്തിയെന്നും നിരന്തരം ഛർദ്ദിച്ചെന്നും കാണിച്ച് പോലീസിലും മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലും പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക നടപടികളുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെയാണ് പരാതിക്കാരന്റെ പ്രതിനിധികളെന്ന വ്യാജേനയെത്തിയ സ്ത്രീകൾ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. ഇതോടെ ഭക്ഷ്യസുരക്ഷാ ലംഘന പരാതി തന്നെ കെട്ടിച്ചമച്ചതാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ദോശയിൽ എലി എങ്ങനെ വന്നുവെന്നും, ഇത് ഹോട്ടൽ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ അതോ പണം തട്ടാൻ ബോധപൂർവ്വം പ്ലേറ്റിൽ വെച്ചതാണോ എന്നതിലും പോലീസ് സമഗ്രമായ അന്വേഷണം നടത്തുകയാണ്.





