ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ തിങ്കളാഴ്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ രാഷ്ട്രീയ കടന്നാക്രമണവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷത്തിന് നേരെ ആഞ്ഞടിച്ച അദ്ദേഹം, ചരിത്രത്തിൽ തന്റെ രാഷ്ട്രീയ വളർച്ച എങ്ങനെ രേഖപ്പെടുത്തപ്പെടണം എന്നതിനെക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ സൂചനകളും സഭയിൽ പങ്കുവെച്ചു. ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ വലിയ വഴിത്തിരിവുകൾ സൃഷ്ടിച്ച മൂന്ന് യുഗപുരുഷന്മാരായ സി.എൻ. അണ്ണാദുരൈ, എം.ജി. രാമചന്ദ്രൻ, അവിഭക്ത ആന്ധ്രാപ്രദേശിൽ തരംഗം തീർത്ത എൻ.ടി. രാമറാവു എന്നിവരുടെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് ഒപ്പമാണ് ഒറ്റ വാചകത്തിൽ വിജയ് സ്വന്തം പേരും ചേർത്തുവെച്ചത്.
പ്രതിപക്ഷത്തിനെതിരായ വിമർശനങ്ങൾക്കൊടുവിൽ, "1967, 1977, 1982, 2026 -- അണ്ണാ, എം.ജി.ആർ, എൻ.ടി.ആർ, വിജയ്" എന്ന് അദ്ദേഹം സഭയിൽ പ്രഖ്യാപിച്ചു. ഇതൊരു വെറും രാഷ്ട്രീയ പ്രസ്താവന എന്നതിലുപരി, തന്റെ കടന്നുവരവിന് ചരിത്രപരമായ മാനം നൽകാനും 2026-ലെ തെരഞ്ഞെടുപ്പിനെ കേവലം ഭരണമാറ്റമായിട്ടല്ലാതെ രാഷ്ട്രീയ വിപ്ലവമായി അവതരിപ്പിക്കാനുമാണ് വിജയ് ശ്രമിച്ചത്. അണ്ണാദുരൈയെയും എം.ജി.ആറിനെയും എൻ.ടി.ആറിനെയും ഒന്നിച്ച് പരാമർശിച്ചതിലൂടെ, പരമ്പരാഗത രാഷ്ട്രീയ ചട്ടക്കൂടുകൾക്ക് പുറത്തുനിന്ന് ഉയർന്നു വന്ന് ഭരണസംവിധാനത്തെത്തന്നെ മാറ്റിമറിച്ച ജനപ്രിയ നേതാക്കളുടെ നിരയിലെ പുതിയ കണ്ണിയായി അദ്ദേഹം സ്വയം അടയാളപ്പെടുത്തുകയായിരുന്നു.
ഡി.എം.കെയ്‌ക്കെതിരെ ശക്തമായ വിമർശനങ്ങൾ തൊടുത്തുവിട്ട വിജയ്, അഴിമതി ആരോപണങ്ങളിൽ സ്വന്തം സർക്കാരിന്റെ നിലപാടുകൾ ന്യായീകരിക്കുകയും പ്രതിപക്ഷത്തിന്റെ മുൻകാല രാഷ്ട്രീയ ചരിത്രം സമഗ്രമായി പരിശോധിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഡി.എം.കെ തങ്ങൾക്കെതിരെ ഉന്നയിക്കുന്ന അപകീർത്തികരമായ ആരോപണങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ തന്റെ പാർട്ടി മുതിരില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഡി.എം.കെ തങ്ങളെക്കുറിച്ച് എത്രമാത്രം അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയാലും, അത്തരം തരംതാണ നിലവാരത്തിലേക്ക് തങ്ങൾ അധഃപതിക്കില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ, നിലവിലെ രാഷ്ട്രീയ മത്സരങ്ങൾക്കപ്പുറം വലിയ അന്വേഷണങ്ങളിലേക്ക് സർക്കാർ കടക്കുമെന്ന ശക്തമായ താക്കീതും അദ്ദേഹം ദ്രാവിഡ കക്ഷിക്ക് നൽകി. തങ്ങൾ അൻപത് വർഷത്തിലേറെ പിന്നോട്ട് പോയി കാര്യങ്ങൾ ആഴത്തിൽ പരിശോധിക്കുമെന്നും, സമഗ്രമായ അന്വേഷണം നടത്തി സകലതും വെളിച്ചത്തു കൊണ്ടുവരുമെന്നും വിജയ് വ്യക്തമാക്കി. ജനങ്ങളെ കബളിപ്പിക്കാൻ ഉപയോഗിച്ച വ്യാജ പ്രതിച്ഛായയെയും കൃത്രിമ ബ്രാൻഡിനെയും തകർത്തെറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





