കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പൊതു പ്രാർത്ഥനാ യോഗങ്ങളും വീടുകൾ തോറുമുള്ള സന്ദർശനങ്ങളും താൽക്കാലികമായി നിർത്തിവെച്ച് വിവിധ ക്രൈസ്തവ കൂട്ടായ്മകൾ. സംസ്ഥാനത്ത് ബി.ജെ.പി ഭരണം നിലവിൽ വന്നതിന് പിന്നാലെ ക്രിസ്ത്യൻ സമൂഹത്തിന് നേരെ നടക്കുന്ന അതിക്രമങ്ങളിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൗറയിലെ ഉലുബേരിയയിൽ ഒരാഴ്ച മുൻപ് അരങ്ങേറിയ സംഘർഷത്തിൽ പാസ്റ്ററെയും വിശ്വാസികളെയും സുരക്ഷിതരാക്കാൻ പോലീസിന് നേരിട്ട് ഇടപെടേണ്ടി വന്നിരുന്നു. ഇതിന് പുറമെ പൂർബ ബർധമാനിൽ സംസ്കാര ചടങ്ങ് തടസ്സപ്പെടുത്തിയതായും, ജൂലൈ 5-ന് സൗത്ത് 24 പർഗാനാസിലെ സുഭാഷ്ഗ്രാമിൽ പണിനടന്നുകൊണ്ടിരുന്ന ദേവാലയം തകർക്കാൻ ശ്രമിച്ചതായും പരാതികൾ ഉയർന്നിട്ടുണ്ട്.
സംഘപരിവാർ സംഘടനകളാണ് ഇത്തരം അതിക്രമങ്ങൾക്ക് പിന്നിലെന്നാണ് പ്രധാന ആരോപണം. സംസ്കാരം നടത്തിയത് സ്വകാര്യ ഭൂമിയിലാണെന്ന വാദമുന്നയിച്ചായിരുന്നു പ്രസ്തുത സ്ഥലത്ത് അക്രമം അഴിച്ചുവിട്ടതെന്ന് ക്രൈസ്തവ സംഘടനകൾ വ്യക്തമാക്കുന്നു. എന്നാൽ, അനധികൃതമായ മതപരിവർത്തന നീക്കങ്ങളാണ് നാട്ടുകാരുടെ എതിർപ്പിനും സംഘർഷങ്ങൾക്കും കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം.
ഓഗസ്റ്റ് 23-ന് ഉലുബേരിയയിലെ ഒരു വാടക കെട്ടിടത്തിൽ സംഘടിപ്പിച്ച പ്രാർത്ഥനാ യോഗത്തിൽ അറുപതോളം വിശ്വാസികളാണ് എത്തിയിരുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഒരു സംഘം അവിടേക്ക് ഇരച്ചുകയറുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ദേഹോപദ്രവം ഏൽപ്പിക്കുകയും സാധനസാമഗ്രികൾ അടിിച്ചുതകർക്കുകയും ചെയ്തതായി പാസ്റ്റർ മിഥുൻ ഹസ്ര വ്യക്തമാക്കി. മൈക്ക് സെറ്റ്, പോഡിയം, മേശ, കസേരകൾ, ഫാനുകൾ എന്നിവയെല്ലാം അക്രമികൾ നശിപ്പിച്ചു. തുടർന്ന് പോലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ എഫ്.ഐ.ആർ ഇട്ടിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് ഹൗറ റൂറൽ എസ്.പി അമിത് വർമ്മ അറിയിച്ചു.
ഉലുബേരിയയിലേത് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്ന് ബംഗാൾ ക്രിസ്റ്റ്യൻ കൗൺസിൽ സ്ഥാപകൻ ഹെറോദ് മല്ലിക് പറഞ്ഞു. ഓഗസ്റ്റ് 30-ന് ജഗത്വല്ലഭ്പൂരിലും ഹിംഗൽഗഞ്ചിലും വീടുകളിൽ നടന്ന പ്രാർത്ഥനകൾക്ക് നേരെയും സമാനമായ കൈയേറ്റങ്ങളുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് മുന്നോടിയായി, ഓഗസ്റ്റ് 14-ന് പൂർബ ബർധമാനിലെ സഹാനഗറിലുള്ള സെന്റ് ക്ലാരറ്റ് പള്ളിയിലെ സംസ്കാര ചടങ്ങിന് നേരെയും തടസ്സവാദങ്ങൾ ഉയർന്നിരുന്നു. മൃതദേഹം അടക്കം ചെയ്ത ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് ചിലർ തർക്കമുന്നയിച്ചതോടെ മൃതദേഹം മറ്റൊരു സെമിത്തേരിയിലേക്ക് മാറ്റേണ്ടി വന്നതായി ഇടവക വികാരി ഫാദർ സാമുവൽ ഹെംബ്രോം പറഞ്ഞു. മരണപ്പെട്ട സ്ത്രീ ആ നാട്ടുകാരിയല്ലെന്ന കാരണത്താലും ശ്മശാന ഭൂമിയുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ചതിനാലുമാണ് നാട്ടുകാർ എതിർത്തതെന്നാണ് പോലീസ് നൽകുന്ന വിവരം.
ഹൗറയിലെ ഗുസുരിയിൽ സംഘടിപ്പിച്ച ഭവന പ്രാർത്ഥനയ്ക്ക് നേരെയും അക്രമം നടക്കുകയും പങ്കെടുത്തവർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫാദർ സൂരജ് സരോജ് വ്യക്തമാക്കി. കിഴക്കൻ മിഡ്നാപൂരിലെ ചെക്ക് മൈൽപോസ്റ്റിൽ പ്രാർത്ഥന നടക്കവെ തങ്ങളെയും ഭാര്യയെയും ക്രൂരമായി മർദ്ദിക്കുകയും പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോവുകയും ചെയ്തതായി ഓഗസ്റ്റ് 26-ന് പാസ്റ്റർ ജോയ് സൂത്രധാറും വെളിപ്പെടുത്തി. ഭയം കാരണം തുടക്കത്തിൽ കേസ് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് ഇമെയിൽ വഴി പരാതി സമർപ്പിച്ചതായി മല്ലിക് കൂട്ടിച്ചേർത്തു. ഇത്തരം തുടർച്ചയായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രാർത്ഥനാ സംഗമങ്ങൾ നിർത്തിവെക്കാൻ സംഘടനകൾ തീരുമാനിച്ചത്.
പണം പ്രലോഭനമായി നൽകി നിർബന്ധിത മതപരിവർത്തനം നടത്തുന്നതിനാലാണ് പ്രതിഷേധങ്ങളുണ്ടാകുന്നതെന്ന് സിംഗാ വാഹിനി പ്രസിഡന്റ് ദേബ്ദത്ത മാജി ന്യായീകരിച്ചു. അതേസമയം, വിശ്വാസമെന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ക്ഷുദിറാം ടുഡു, നിർബന്ധിത മതപരിവർത്തന പരാതികൾ നിയമപരമായ മാർഗ്ഗത്തിലൂടെയാണ് പരിഹരിക്കേണ്ടതെന്നും പറഞ്ഞു. ബി.ജെ.പി ജനങ്ങളിൽ ഭയം സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് പ്രദീപ്ത മുഖർജി കുറ്റപ്പെടുത്തി. എന്നാൽ, ഇത്തരത്തിലുള്ള സംഭവങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞ് ബി.ജെ.പിയുടെ രാജ്യസഭാ എം.പി രാഹുൽ സിൻഹ പ്രതികരിക്കാൻ വിസമ്മതിക്കുകയാണുണ്ടായത്.





