ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ കത്തുന്ന ചിതയിൽ നിന്നും മനുഷ്യശരീരാവശിഷ്ടങ്ങൾ പുറത്തെടുത്ത് കഴിച്ച സ്വയം പ്രഖ്യാപിത അഘോരി സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. സ്വയം 'ലേഡി അഘോരി' എന്ന് വിശേഷിപ്പിക്കുന്ന കാളി നന്ദ് ഗിരിയെയാണ് ഉജ്ജയിൻ പോലീസ് കസ്റ്റഡിയിലെടുത്തത്. ചിതയിൽ നിന്ന് ഇവർ മനുഷ്യമാംസം ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ ജനരോഷത്തിന് വഴിവെക്കുകയും ചെയ്തതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 301, ആയുധ നിയമത്തിലെ സെക്ഷൻ 25 എന്നീ വകുപ്പുകൾ ചുമത്തിയാണ് നന്ദ് ഗിരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കത്തിയെരിയുന്ന ചിതയിൽ നിന്നും ഒരു വാൾ ഉപയോഗിച്ച് മൃതദേഹാവശിഷ്ടങ്ങൾ കുത്തിയെടുത്താണ് ഇവർ ഭക്ഷിച്ചത്. കാളി നന്ദ് ഗിരിയുടെ ഈ പ്രവൃത്തിക്കെതിരെ സന്യാസി സമൂഹം അടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇത്തരം വിചിത്രവും ഭയാനകവുമായ രീതികൾ ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ജൂനാ അഖാഡയിലെ മഹാമണ്ഡലേശ്വർ ശൈലേശാനന്ദ ഗിരി വ്യക്തമാക്കി.
ആദ്യത്തെ ദൃശ്യങ്ങൾ വലിയ ചർച്ചയായതിന് തൊട്ടുപിന്നാലെ ഇവരുടെ മറ്റൊരു വീഡിയോ കൂടി സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നു. അതേ ശ്മശാനത്തിൽ വെച്ചുതന്നെ ചിതയിലെ ഭസ്മം ശരീരഭാഗങ്ങളിൽ വാരിപ്പൂശുന്നതാണ് രണ്ടാമത്തെ ദൃശ്യങ്ങളിലുള്ളത്. കൂടാതെ, തന്നെ വിമർശിക്കുന്ന ആളുകളെ ഇവർ പരസ്യമായി വെല്ലുവിളിക്കുകയും, എതിർക്കുന്നവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, കാളി നന്ദ് ഗിരി ഒരു പുരുഷനായാണ് ജനിച്ചതെന്നും അല്ലൂരി ശ്രീനിവാസ് എന്നതായിരുന്നു ഇവരുടെ യഥാർത്ഥ പേരെന്നും വിവരമുണ്ട്. പിൽക്കാലത്ത് ഇവർ ട്രാൻസ്‌ജെൻഡർ സ്വത്വം സ്വീകരിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.





