ന്യൂഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് പറക്കുകയായിരുന്ന വിമാനം പെട്ടെന്ന് 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ സംഭവത്തിൽ കർശന നടപടിയുമായി എയർ ഇന്ത്യ. ലഹരിവസ്തു ഉപയോഗിച്ചതായി ശാസ്ത്രീയമായി വ്യക്തമായതിനെ തുടർന്ന് പൈലറ്റ് സുദീപ് വശിഷ്ഠയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കഴിഞ്ഞ ഓഗസ്റ്റ് നാലിന് ഒഡീഷയ്ക്ക് മുകളിലൂടെ സഞ്ചരിക്കവേയാണ് എ.ഐ 2379 (A12379) നമ്പർ വിമാനം ഗുരുതരമായ അപകടത്തിൽപ്പെട്ടത്. ക്യാബിൻ ക്രൂ അംഗങ്ങൾ അടക്കം 24 പേർക്ക് അന്ന് പരിക്കേറ്റിരുന്നു. എട്ട് ജീവനക്കാരും 137 യാത്രക്കാരുമാണ് ആ സമയം വിമാനത്തിലുണ്ടായിരുന്നത്.
വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയതിനും യാത്രക്കാരുടെ സുരക്ഷിതത്വം പണയപ്പെടുത്തിയതിനും പൈലറ്റിനെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തങ്ങളുടെ പ്രാഥമിക റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. പ്രാഥമിക ലഹരി പരിശോധനാ ഫലം നോൺ-നെഗറ്റീവ് ആയതിനെ തുടർന്ന് ഇയാളുടെ രക്തസാമ്പിളുകൾ കൂടുതൽ വ്യക്തതയ്ക്കായി വിദഗ്ദ്ധ ലാബ് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഈ പരിശോധനയിലാണ് പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് ഉറപ്പിച്ചത്. എന്നാൽ സഹപൈലറ്റിന്റെ പരിശോധനാഫലം നെഗറ്റീവായിരുന്നു. കൂടാതെ, വിമാനത്തിന്റെ ക്യാപ്റ്റനെതിരെ ക്യാബിൻ ക്രൂ അംഗങ്ങളും രേഖാമൂലം പരാതി നൽകിയിരുന്നു.
വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിൽ നേരിട്ട സാങ്കേതിക പ്രശ്നങ്ങളാണ് പെട്ടെന്നുള്ള താഴ്ചയിലേക്ക് വഴിതെളിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹൈഡ്രോളിക് തകരാറും വിമാനം പറത്തിയ പൈലറ്റിന്റെ ലഹരി ഉപയോഗവും ഒരുമിച്ച് വന്നതോടെ വിമാനം വൻ ദുരന്തത്തിന്റെ വക്കിലെത്തിയിരുന്നുവെന്ന് അന്വേഷണ സംഘം വിലയിരുത്തി. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചതോടെ എല്ലാ പൈലറ്റുമാർക്കും എയർ ഇന്ത്യ ലഹരി പരിശോധന കൂടുതൽ കർശനമാക്കിയിട്ടുണ്ട്.





