ന്യൂഡൽഹി: ദളിത് വിദ്യാർത്ഥിനിയുടെ പിതാവിനെ ക്രൂരമായി മർദ്ദിച്ച തീവ്ര ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിനെതിരെ നടപടിയെടുക്കാൻ വിമുഖത കാട്ടിയ ഡൽഹി ഡി.സി.പിക്കെതിരെ ആഞ്ഞടിച്ച് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെ. ഡൽഹി ഡി.സി.പി സച്ചിൻ ശർമ്മയ്ക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് ദീപ്‌കെ ആവശ്യപ്പെട്ടു. തന്റെ അച്ഛന് നേരെ നടന്ന അതിക്രമത്തിൽ നീതി തേടി നിഷു ആസാദ് എന്ന പെൺകുട്ടി പോലീസിനോട് യാചിച്ചിട്ടും ഫലമുണ്ടായില്ലെന്നും, സംഘപരിവാർ ഗുണ്ടകൾ ഇപ്പോഴും യാതൊരു ഭയവുമില്ലാതെ സ്വതന്ത്രരായി നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് വഴിതുറന്ന ഡി.സി.പി സച്ചിൻ ശർമ്മയ്ക്കെതിരെ നിയമപരമായ നടപടി വേണമെന്നാണ് അഭിജിത് ദീപ്‌കെ എക്സിലൂടെ (ട്വിറ്റർ) ആവശ്യമുന്നയിച്ചത്.
ഡി.സി.പി കറകളഞ്ഞ ഒരു സംഘിയാണെന്നും ദീപ്‌കെ ആക്ഷേപിച്ചു. അക്രമം കാട്ടിയ സംഘപരിവാറുകാരെ എന്തുകൊണ്ടാണ് തുറുങ്കിലടയ്ക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കണം; സച്ചിൻ ശർമ്മ സംഘപരിവാർ അനുകൂലിയായതുകൊണ്ടാണോ ഇതെന്ന് അദ്ദേഹത്തിന്റെ വകുപ്പിലുള്ളവർ തന്നെ തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും ദീപ്‌കെ വെളിപ്പെടുത്തി.
സമരത്തിൽ പങ്കെടുത്ത ഒരാളുടെ പിതാവിന്റെ തലയടിച്ചുപൊട്ടിച്ചുവെന്നും ഡൽഹി മന്ത്രി കപിൽ മിശ്ര അടക്കമുള്ള പ്രമുഖരുടെ സംരക്ഷണമുള്ളതിനാൽ തനിക്ക് ജയിലിൽ കിടക്കേണ്ടി വന്നിട്ടില്ലെന്നും സ്വതന്ത്ര ഭരദ്വാജ് പരസ്യമായി അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിനെതിരെ അതിശക്തമായ പ്രതികരണവുമായി സി.ജെ.പി രംഗത്തെത്തിയിരുന്നു. അക്രമികളെ സംരക്ഷിക്കുന്നതിനായി ഡൽഹി പോലീസ് കേസിലെ സുപ്രധാന വകുപ്പുകൾ ഒഴിവാക്കുകയാണെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് വിമർശിച്ചു. കേസിൽ നീതി അട്ടിമറിക്കാൻ ശ്രമിച്ച മന്ത്രി കപിൽ മിശ്രയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും സൗരവ് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ സി.ജെ.പി തെരുവിലിറങ്ങി ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ഇവരുടെ പ്രക്ഷോഭത്തിന് ഒടുവിൽ വഴങ്ങിയ പോലീസ് സ്വതന്ത്ര ഭരദ്വാജിനെ കസ്റ്റഡിയിലെടുക്കാൻ നിർബന്ധിതരാകുകയായിരുന്നു.





