ന്യൂഡൽഹി: ജന്തർ മന്തറിലെ സി.ജെ.പി സമരവേദിയിൽ വെച്ച് ദളിത് വിദ്യാർത്ഥിനിയുടെ പിതാവിനെ മർദ്ദിച്ചെന്ന പരാതിയിൽ ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജ് പോലീസ് കസ്റ്റഡിയിലായി. ഉത്തർപ്രദേശ് പോലീസിന്റെ സഹായത്തോടെ ഡൽഹി പോലീസാണ് ഇയാളെ വലയിലാക്കിയത്. 72 മണിക്കൂറിനകം പ്രതിയെ കസ്റ്റഡിയിലെടുക്കുമെന്ന് ഡൽഹി പോലീസ് സി.ജെ.പി നേതാക്കൾക്ക് ഉറപ്പുനൽകിയതിന് പിന്നാലെയാണ് നടപടി ഉണ്ടായത്.
നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്.ഐ.ആറിൽ ഇയാൾക്കെതിരെ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തുമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാകും ഭരദ്വാജിനെതിരെ ചുമത്തുക. സ്വതന്ത്ര ഭരദ്വാജിനെ പിടികൂടാൻ വൈകിയാൽ ജന്തർ മന്തറിന് സമാനമായ രീതിയിൽ വിപുലമായ സമരം പുനരാരംഭിക്കാനായിരുന്നു സി.ജെ.പിയുടെ തീരുമാനം.
പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ പരിസരത്ത് രണ്ടര മണിക്കൂറോളമാണ് സി.ജെ.പി പ്രവർത്തകർ ഉപരോധ സമരം നടത്തിയത്. ഭരദ്വാജിനെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും കേസിൽ ഗുരുതര വകുപ്പുകൾ ഉൾപ്പെടുത്തണമെന്നുമായിരുന്നു അവരുടെ പ്രധാന ആവശ്യം. കഴിഞ്ഞ ദിവസം പ്രതി പോഡ്‌കാസ്റ്റിൽ നടത്തിയ വിവാദ വെളിപ്പെടുത്തലുകൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും, ഇന്നുതന്നെ ഇയാളെ പിടികൂടുമെന്നും പോലീസ് നൽകിയ ഉറപ്പിന്മേലാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. മർദ്ദനത്തിന് ഇരയായ പിതാവും മകളും നേരിട്ടെത്തിയാണ് സമരത്തിൽ പങ്കെടുത്തത്. കൂടാതെ എം.പിമാരായ പപ്പു യാദവ്, ചന്ദ്രശേഖർ ആസാദ് എന്നിവരും പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒപ്പമുണ്ടായിരുന്നു.
സമരത്തിൽ പങ്കെടുത്തയാളുടെ പിതാവിന്റെ തലയടിച്ചുപൊട്ടിച്ചുവെന്നും ഡൽഹി മന്ത്രി കപിൽ മിശ്ര ഉൾപ്പെടെയുള്ള ഉന്നതരുടെ സംരക്ഷണമുള്ളതിനാൽ തനിക്ക് തടവിൽ കിടക്കേണ്ടി വന്നിട്ടില്ലെന്നും സ്വതന്ത്ര ഭരദ്വാജ് പരസ്യമായി വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. കുറ്റവാളിയെ രക്ഷിക്കാൻ ഡൽഹി പോലീസ് കേസിൽ നിന്ന് സുപ്രധാന വകുപ്പുകൾ ഒഴിവാക്കിയെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് ആരോപിച്ചിരുന്നു. കൂടാതെ, നിയമനടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചതിന് മന്ത്രി കപിൽ മിശ്രയെക്കൂടി പ്രതിചേർക്കണമെന്നും സൗരവ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വലിയ പ്രതിഷേധവുമായി സി.ജെ.പി തെരുവിലിറങ്ങിയത്.





