മുംബൈ: മഹാരാഷ്ട്ര സ്വദേശിനിയായ ദേശീയ ഗുസ്തി താരം അശ്വിനി മനോഹർ പോൾ മൂന്ന് മക്കൾക്കൊപ്പം നൂറടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് ചാടി ജീവനൊടുക്കി. നൽദുർഗ് കോട്ടയിൽ നിന്നാണ് ഇവർ താഴേക്ക് ചാടിയത്. അപകടത്തിൽ രണ്ട് മക്കൾ മരണപ്പെടുകയും ഒരു കുട്ടി അതീവ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ഭർതൃവീട്ടിൽ നിന്നും നേരിടേണ്ടി വന്ന കടുത്ത മാനസിക പീഡനങ്ങളാണ് മകളെ ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന ഗുരുതര ആരോപണവുമായി അശ്വിനിയുടെ പിതാവ് രംഗത്തെത്തി.
ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. മൂന്ന് കുഞ്ഞുങ്ങളെയുമെടുത്ത് അശ്വിനി കോട്ടയ്ക്ക് മുകളിൽ നിന്ന് കൊക്കയിലേക്ക് ചാടുകയായിരുന്നു. അഞ്ച് വയസ്സുകാരനായ മകൻ അജിങ്ക്യ, ഇരട്ടക്കുട്ടികളിലൊരാളായ രണ്ടര വയസ്സുകാരി ക്രാന്തി എന്നിവർ വീഴ്ചയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ വീര എന്ന കുട്ടി അത്ഭുതകരമായി ജീവനോടെ ബാക്കിയായി. നിലവിൽ ധാരാശിവിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണ് ഈ കുഞ്ഞ്.
മഹാരാഷ്ട്രയിലെ കായികലോകത്ത് 'പെൺപുലി' എന്ന വിശേഷണത്തിലായിരുന്നു അശ്വിനി അറിയപ്പെട്ടിരുന്നത്. ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് അഞ്ച് സ്വർണ്ണ മെഡലുകളും ആറ് വെള്ളി മെഡലുകളും നേടി ഇവർ മികവ് തെളിയിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ സാധിക്കാത്ത മാനസിക വിഷമങ്ങളോ സമ്മർദ്ദങ്ങളോ അനുഭവപ്പെടുന്നവർക്കായി മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനവും സഹായവും ലഭ്യമാണ്.ഓർക്കുക, നിങ്ങൾ തനിച്ചല്ല. സഹായത്തിനായി 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)





