മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ ദുരൂഹമരണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സി.ബി.ഐ അന്വേഷണം ആരംഭിക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. 2020 ജൂൺ എട്ടിനാണ് മുംബൈ മലാഡിലെ ഒരു അപ്പാർട്ട്‌മെന്റിന്റെ പതിനാലാം നിലയിൽ നിന്ന് താഴേക്ക് വീണ് ദിഷ മരിച്ച നിലയിൽ കാണപ്പെട്ടത്.
ബാന്ദ്രയിലെ വസതിയിൽ സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലായിരുന്നു ഈ സംഭവം. ദിഷയുടെ മരണത്തിൽ ആക്സിഡന്റൽ ഡെത്ത് റിപ്പോർട്ട് (എ.ഡി.ആർ) തയ്യാറാക്കി മാത്രമാണ് മുംബൈ സിറ്റി പോലീസ് കേസ് കൈകാര്യം ചെയ്തിരുന്നത്. അതേസമയം, ആവശ്യമായ തെളിവുകൾ ഇല്ലാതെ ആരെയും പ്രതിയായി ചേർക്കരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ജസ്റ്റിസ് സാരംഗ് കോട്വാൾ, ജസ്റ്റിസ് രഞ്ജിത്സിൻഹ രാജ ഭോൺസാലെ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
മകളുടെ ദുരൂഹ മരണത്തിൽ മുംബൈ പോലീസ് നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ദിഷയുടെ പിതാവ് സതീഷ് സാലിയൻ 2020 ജൂണിൽ സമർപ്പിച്ച ഹർജിയിലാണ് ഇപ്പോഴത്തെ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും സി.ബി.ഐക്ക് കൈമാറാൻ കോടതി പോലീസിന് നിർദ്ദേശം നൽകി. കേസ് അന്വേഷിച്ച സിറ്റി പോലീസ് ദിഷയുടേത് ആത്മഹത്യയാണെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ തന്റെ മകൾ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുകയായിരുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം ദിഷയുടെ പിതാവ് ഹൈക്കോടതിയിൽ പ്രത്യേക ഹർജിയും സമർപ്പിച്ചിരുന്നു.
കൊലപാതകമെന്ന ഗുരുതര ആരോപണം കുടുംബം ഉന്നയിച്ചിട്ടും എഫ്.ഐ.ആർ ഇടാതെ എ.ഡി.ആർ മാത്രം ചുമത്തിയതിൽ ജസ്റ്റിസ് ഭാരതി ഡാംഗ്രെ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് മുൻപ് വാദം കേൾക്കവെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. മരണം സംഭവിച്ച് അഞ്ച് വർഷം കഴിഞ്ഞിട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയോ എ.ഡി.ആറിന്റെയോ പകർപ്പുകൾ ബന്ധുക്കൾക്ക് കൈമാറാത്തതിനെയും കോടതി വിമർശിച്ചിരുന്നു.
പോലീസ് അന്വേഷണത്തിലെ പൊരുത്തക്കേടുകൾ നേരത്തെതന്നെ കോടതി അക്കമിട്ടു നിരത്തിയിരുന്നു. പതിനാലാം നിലയിൽ നിന്ന് വീണ ഒരാൾക്ക് പല്ലുകൾക്ക് മാത്രമാണോ കേടുപാടുകൾ സംഭവിക്കുക എന്നതായിരുന്നു കോടതി പ്രധാനമായും ചോദിച്ചത്. ദേഹത്തുണ്ടായിരുന്ന രക്തക്കറകളെക്കുറിച്ചോ മുറിവുകളുടെ സ്വഭാവത്തെക്കുറിച്ചോ രേഖകളിൽ വ്യക്തതയില്ല. അത്രയും ഉയരത്തിൽ നിന്ന് പതിക്കുമ്പോൾ തലയോട്ടിക്ക് ക്ഷതമേൽക്കാതെ പല്ലുകൾ മാത്രം അടർന്നുപോയത് എങ്ങനെയെന്നും ബെഞ്ച് ആരാഞ്ഞിരുന്നു.
എന്നാൽ, ദിഷയുടെ മുഖത്തും തലയോട്ടിയിലും വാരിയെല്ലുകളിലുമടക്കം മാരകമായ പരിക്കുകൾ പറ്റിയിരുന്നുവെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ ശിശിർ ഹൈർ ഇതിന് നൽകിയ വിശദീകരണം. തറയിൽ വീഴുമ്പോൾ ഏത് ശരീരഭാഗത്താണോ ആഘാതമേൽക്കുന്നത് അതനുസരിച്ചാണ് രക്തസ്രാവം ഉണ്ടാവുകയെന്നും, മഴക്കാലമായതിനാൽ ശക്തിയായി പെയ്ത മഴയിൽ രക്തക്കറ ഒലിച്ചുപോയിട്ടുണ്ടാകാമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ മരണം സംഭവിച്ച് ആറര മണിക്കൂർ കഴിഞ്ഞാണ് മഴ പെയ്തതെന്നും കൃത്യമായി രാവിലെ 9.40-ഓടെയാണ് മഴ തുടങ്ങിയതെന്നും രേഖകൾ ചൂണ്ടിക്കാട്ടി കോടതി ഈ വാദത്തെ ചോദ്യം ചെയ്തു.
ഇതിനുപുറമെ, വസ്ത്രധാരണത്തെക്കുറിച്ചുള്ള വിവരങ്ങളിലും പ്രകടമായ വൈരുദ്ധ്യമുണ്ടെന്ന് കോടതി കണ്ടെത്തി. പോലീസിന്റെ ഇൻക്വസ്റ്റ് മഹസറിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ദേഹത്ത് വസ്ത്രങ്ങളില്ലായിരുന്നുവെന്ന് പറയുമ്പോൾ, ആശുപത്രിയിൽ നിന്നും മോർച്ചറിയിൽ നിന്നും എടുത്ത ഫോട്ടോകളിൽ വസ്ത്രങ്ങൾ ധരിച്ച നിലയിലാണ് കാണപ്പെടുന്നത്. ഇത്തരം ഒട്ടേറെ സംശയങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും യാതൊരു മുൻവിധിയോടെയുമല്ല കോടതി ഈ കാര്യങ്ങൾ നിരീക്ഷിക്കുന്നതെന്നും വ്യക്തമാക്കുകയുണ്ടായി.





