ഹൈദരാബാദ്: മലേറിയ രോഗപ്രതിരോധത്തിനായി നൽകിയ മരുന്ന് കഴിച്ചതിന് പിന്നാലെ ഏഴ് വയസ്സുള്ള പെൺകുട്ടി മരണപ്പെട്ടതായി കുടുംബത്തിന്റെ ആരോപണം. ക്ലോറോക്വിൻ ഗുളികകൾ ഉള്ളിൽ ചെന്നയുടൻ കുട്ടിക്ക് കടുത്ത ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നുവെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. പോളവാരം ജില്ലയിലെ ഗൊല്ലഗുപ്പ ഗ്രാമത്തിലാണ് സംഭവം. ഈ ഗുളികകൾ കഴിച്ച 52 പേരെ നിലവിൽ ആശുപത്രികളിലും പ്രാദേശിക പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കി.
തെലങ്കാന അതിർത്തിമേഖലയിലുള്ള ഗൊല്ലഗുപ്പയിൽ 71 പേർക്കാണ് മലേറിയ പടരുന്നത് തടയുന്നതിനായി ആരോഗ്യപ്രവർത്തകർ ക്ലോറോക്വിൻ ഗുളികകൾ വിതരണം ചെയ്തത്. മരുന്ന് കഴിച്ചതിന് തൊട്ടുപിന്നാലെ ഒട്ടേറെ ആളുകൾക്ക് അസ്വസ്ഥതകൾ കണ്ടുതുടങ്ങി. തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ടതോടെ കുട്ടികളെയടക്കം ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. ഇതിൽ 29 പേരെ തെലങ്കാനയിലെ ആശുപത്രിയിലേക്കും 24 പേരെ സമീപത്തെ ആരോഗ്യകേന്ദ്രത്തിലേക്കും പ്രവേശിപ്പിച്ചു.
രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മദിവി ജമുന (7) എന്ന പെൺകുട്ടിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ആശുപത്രിയിൽ തുടരുന്ന മറ്റുള്ളവരുടെ ശാരീരികനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ചികിത്സയിലുള്ളവരുടെ കാര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ ദിനേഷ് കുമാർ വ്യക്തമാക്കി. മൂന്ന് ശിശുരോഗ വിദഗ്ധരടങ്ങുന്ന പ്രത്യേക മെഡിക്കൽ സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും പ്രത്യേക മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിട്ടുണ്ടെന്നും ഭരണകൂടം അറിയിച്ചു.
സംഭവത്തിൽ സമഗ്രാന്വേഷണത്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉത്തരവിട്ടു. ആശുപത്രിയിലുള്ളവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി. ജില്ലാ കളക്ടറുമായും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും സംസാരിച്ച മുഖ്യമന്ത്രി, സംഭവിച്ച കാര്യങ്ങൾ, രോഗികളുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി, ലഭ്യമാക്കുന്ന ചികിത്സാ സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ തേടി.





