കൊൽക്കത്ത: പശ്ചിമബംഗാളിലെ ബി.ജെ.പി നേതാക്കൾ സ്വന്തം പ്രചാരണത്തിനും റീലുകൾ നിർമ്മിക്കുന്നതിനും മുൻഗണന നൽകുകയാണെന്നും ഇത് സി.പി.ഐ.എം ഉൾപ്പെടുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വീണ്ടും കരുത്തുപകരാൻ വഴിയൊരുക്കുകയാണെന്നും തുറന്നടിച്ച് ബി.ജെ.പി എം.എൽ.എ. ബാങ്കുര ജില്ലയിലെ ഒണ്ട മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ അമർനാഥ് സഖയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പാർട്ടിക്കുള്ളിലെ പോരായ്മകൾക്കെതിരെ പരസ്യവിമർശനം ഉന്നയിച്ചത്. താൻ ദീർഘകാലമായി പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനാണെന്നും എന്നാൽ പാർട്ടിക്കുള്ളിലെ വീഴ്ചകൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരെയും പ്രീതിപ്പെടുത്താൻ താൻ ശ്രമിക്കാറില്ലെന്നും തെറ്റുകൾ കാണുമ്പോൾ പ്രതികരിക്കുമെന്നും ബംഗാളി ഭാഷയിലെഴുതിയ കുറിപ്പിൽ സഖ പറഞ്ഞു. അത് നിരവധി ശത്രുക്കളെ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും തനിക്ക് അതിൽ ഭയമില്ല. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലേറിയതിന് പിന്നാലെ ഇടതുപക്ഷ കക്ഷികൾ നിരന്തരം പ്രകോപനം സൃഷ്ടിക്കുകയും ഭരണകൂടത്തിനെതിരെ ജനങ്ങൾക്കിടയിൽ തെറ്റായ ധാരണകൾ പടർത്തുകയുമാണ്. സി.പി.ഐ.എം, സി.പി.ഐ, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, ഓൾ ഇന്ത്യ സെക്യുലർ ഫ്രണ്ട് എന്നിവരടങ്ങുന്ന ഇടതുപക്ഷത്തിന്റെ വ്യാജപ്രചാരണങ്ങളെ പ്രതിരോധിക്കാൻ മുതിർന്ന ബി.ജെ.പി നേതാക്കൾക്ക് കഴിയുന്നില്ല. സി.പി.ഐ.എമ്മിന്റെ നീക്കങ്ങളെ ചെറുക്കുന്നതിനും പാർട്ടിയുടെ സംഘടനാ അടിത്തറ ശക്തമാക്കുന്നതിനും പകരം നേതാക്കൾ സ്വന്തം വ്യക്തിപ്രഭാവം വർദ്ധിപ്പിക്കുന്നതിലാണ് ശ്രദ്ധയൂന്നുന്നത്.
രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങാൻ പോകുന്നതുവരെ നേതാക്കൾ ആത്മപ്രശംസയിലും സ്വയം പ്രമോഷനിലുമാണ്. സി.പി.ഐ.എമ്മിനെതിരെ ഒരു ചെറുത്തുനിൽപ്പും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റീലുകൾ നിർമ്മിക്കുന്നതിലും ഫോളോവേഴ്‌സിനെയും ഫാൻസ് ക്ലബ്ബുകളെയും വർദ്ധിപ്പിക്കുന്നതിലുമാണ് എല്ലാവരുടെയും ശ്രദ്ധ. വൻ ഭൂരിപക്ഷത്തോടെ ബി.ജെ.പി ഭരണത്തിലേറിയതിന് ശേഷം പല നേതാക്കളും വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കാനാണ് സമയം കണ്ടെത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പി ഭരണം കിട്ടിയതോടെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നവർ പാർട്ടി നശിച്ചുപോയാലും പ്രശ്നമില്ലെന്ന മനോഭാവത്തിലാണ്. മുമ്പ് അവർ എന്തായിരുന്നുവെന്നും ഇപ്പോൾ എന്തായി മാറിയെന്നും ചിന്തിക്കണമെന്ന് പറഞ്ഞ സഖ, സംഘടനയോടുള്ള അവരുടെ ആത്മാർത്ഥതയെയും ചോദ്യം ചെയ്തു. ഏതെങ്കിലും പ്രത്യേക നേതാക്കളുടെ അനുയായികളാകുന്നതിന് പകരം പാർട്ടിയുടെ പ്രവർത്തകരാകാനാണ് അദ്ദേഹം അണികളോട് ആവശ്യപ്പെട്ടത്. നേതാക്കൾ വന്നുപോകുമെങ്കിലും പാർട്ടി ശാശ്വതമായി നിലനിൽക്കും. സ്വന്തം യൗവനവും ജീവിതവും കുടുംബവും മാറ്റിവെച്ചാണ് താൻ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സി.പി.ഐ.എമ്മിന്റെ 34 വർഷത്തെ അക്രമങ്ങളും തൃണമൂൽ കോൺഗ്രസിന്റെ പീഡനങ്ങളും സഹിച്ച് മുന്നോട്ടുപോയപ്പോൾ ജനങ്ങൾ പാർട്ടിയെ വിശ്വാസത്തിലെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നേതാക്കൾ സ്വയം വളരാനും പണമുണ്ടാക്കാനും ശ്രമിക്കുന്നുവെന്ന സഖയുടെ വിമർശനത്തിന് സമാനമായ നിലപാട് സാമിക് ഭട്ടാചാര്യ അടക്കമുള്ള മുതിർന്ന നേതാക്കളും നേരത്തെ ഉയർത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ജെൻ സി പ്രക്ഷോഭങ്ങളെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിലെ സമ്പർക്കം ശക്തമാക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ ഉൾപ്പാർട്ടി പോര് രൂപപ്പെടുന്നത്.
അതേസമയം, ഇത്തരം പരാതികൾ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുന്നതിന് പകരം സംഘടനാ വേദികളിലാണ് ഉന്നയിക്കേണ്ടതെന്ന് മുതിർന്ന ജില്ലാ ബി.ജെ.പി നേതാവ് പ്രതികരിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. മുതിർന്ന ജനപ്രതിനിധിയായ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഗൗരവമുള്ളതാണെന്നും പാർട്ടി അത് പരിശോധിക്കുമെന്നും നേതാവ് കൂട്ടിച്ചേർത്തു.
യുവനേതൃത്വത്തെ മുന്നിൽനിർത്തി തെരുവിൽ സജീവമായി ബംഗാളിൽ തിരിച്ചുവരവിന് ഇടതുപക്ഷം ശ്രമിക്കുന്നതിനിടെയാണ് ഭരണകക്ഷിയിലെ ഈ ആഭ്യന്തര തർക്കം. എന്നാൽ ഈ ജനകീയ ഇടപെടലുകൾ തെരഞ്ഞെടുപ്പ് വിജയങ്ങളാക്കി മാറ്റാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലം രണ്ട് സീറ്റുകളിൽ മാത്രമാണ് ഇടതുമുന്നണിക്ക് ജയിക്കാനായത്; മാത്രമല്ല, 2021 മുതൽ 2026 വരെയുള്ള കാലയളവിൽ അവരുടെ വോട്ട് വിഹിതത്തിൽ ഏകദേശം 4 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.





