ബെംഗളൂരു: കർണാടക പോലീസിന്റെ അന്യായ തടങ്കലിൽ കഴിഞ്ഞ ജാപ്പനീസ് പൗരന് ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സംസ്ഥാന സർക്കാർ 75,000 രൂപ നഷ്ടപരിഹാരം നൽകി. കർണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ (കെ.എസ്.എച്ച്.ആർ.സി) ഉത്തരവിനെ തുടർന്നാണ് ഈ വർഷം ജൂണിൽ നഷ്ടപരിഹാരത്തുക കൈമാറിയത്.
2019-ൽ ബെംഗളൂരുവിലെ സ്വകാര്യ അക്കാദമിയിൽ ഇംഗ്ലീഷ് പഠനത്തിനെത്തിയ ഹിരോതോഷി തനകയാണ് അന്യായമായി ജയിൽവാസമനുഭവിച്ചത്. ക്ലാസുകൾ കൃത്യമായി നടക്കാത്തതിനെ തുടർന്ന് സ്ഥാപന മേധാവിയുമായി ഉണ്ടായ തർക്കത്തിനും കൈയ്യേറ്റത്തിനും പിന്നാലെയായിരുന്നു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മനഃപൂർവം പരിക്കേൽപ്പിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് പോലീസ് നടപടി സ്വീകരിച്ചത്.
തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലായ തനകയ്ക്ക് 19 ദിവസത്തോളമാണ് ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയേണ്ടി വന്നത്. പിന്നീട് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റിയ ഇയാളെ 2021-ൽ ജപ്പാനിലേക്ക് നാടുകടത്തുകയായിരുന്നു. തുടർന്ന് ജപ്പാനിലിരുന്ന് തന്നെ കെ.എസ്.എച്ച്.ആർ.സി മുഖേന തനക നിയമനടപടികൾ തുടർന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളുണ്ടായിട്ടും തനകയെ അനാവശ്യമായി ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചു എന്ന് കണ്ടെത്തിയ മനുഷ്യാവകാശ കമ്മീഷൻ, ഇയാൾക്ക് നഷ്ടപരിഹാരം നൽകാനും സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കർണാടക സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു.
ഇന്ത്യയിലെ തന്റെ അഭിഭാഷകൻ മുഖേന 75,000 രൂപ ലഭിച്ചതായി തനക സ്ഥിരീകരിച്ചു. ജൂൺ 22-ന് പോലീസിൽ നിന്ന് അഭിഭാഷകന് പണം ലഭിച്ചുവെന്നും, സ്വന്തം അക്കൗണ്ടിൽ ഇന്ത്യൻ രൂപയുടെ ഇടപാടുകൾ സാധ്യമല്ലാത്തതിനാൽ ജൂൺ 23-ന് ആ തുക തന്റെ ഇന്ത്യൻ വംശജയായ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും അദ്ദേഹം വിശദീകരിച്ചു.





