ന്യൂഡൽഹി: എ.ഐ.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിലെ വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കോൺഗ്രസിന് നിയമോപദേശം. സ്വകാര്യ ചടങ്ങുകൾക്ക് ഇത്തരം നിയമങ്ങൾ ബാധകമല്ലെന്നും, ഗാനം തടസ്സപ്പെടുത്തിയാലുള്ള നടപടികൾ ഔദ്യോഗിക സർക്കാർ പരിപാടികൾക്ക് മാത്രമാണ് ബാധകമാവുകയെന്നും മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി നൽകിയ നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പി പരാതി നൽകിയ പശ്ചാത്തലത്തിലാണ് പാർട്ടി നിയമോപദേശം തേടിയത്.
ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തും ഗോവയിലെ പാർട്ടി പരിപാടിയിലും വന്ദേമാതരം ചൊല്ലിയതുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഉയർന്ന പരാതികൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച പാർട്ടി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഖാർഗെ ദേശീയപതാക ഉയർത്തിയതിന് പിന്നാലെയായിരുന്നു വന്ദേമാതരം ആലപിച്ചത്. എന്നാൽ ഗാനത്തിന്റെ പൂർണ്ണരൂപം പാടുന്നത് തടയാൻ സോണിയ ഗാന്ധി നിർദ്ദേശിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയതോടെയാണ് വിഷയം രാഷ്ട്രീയ വിവാദമായി മാറിയത്.
വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിക്കുന്നതിനിടെ അത് തടസ്സപ്പെടുത്തിയെന്ന ആരോപണം തള്ളിയ കോൺഗ്രസ്, നടക്കുന്നത് വ്യാജപ്രചാരണങ്ങളാണെന്ന് വ്യക്തമാക്കി. ഖാർഗെയുടെ ആരോഗ്യനില കണക്കിലെടുത്ത് ഏറെ നേരം നിൽക്കുന്നത് ഒഴിവാക്കാനും അദ്ദേഹത്തിന് ഇരിക്കാനായി കസേര ഏർപ്പാടാക്കാനുമാണ് സോണിയ ഗാന്ധി ആംഗ്യം കാണിച്ചതെന്നാണ് പാർട്ടി വിശദീകരിച്ചത്. അതിനിടെ, തിങ്കളാഴ്ച ഗോവയിലെ പാർട്ടി കൺവെൻഷൻ ആരംഭിക്കുന്നതിന് മുന്നോടിയായി ഖാർഗെയുടെ നേതൃത്വത്തിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ മാത്രം ആലപിച്ചതും വിവാദങ്ങൾക്ക് കൂടുതൽ വഴിവെച്ചു.





