മുംബൈ: ട്രാൻസ്ജെൻഡറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീടിനുള്ളിൽ അതിക്രമിച്ചുകയറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിലായി. അനിൽ ശേഷ്‌റാവു ഷിൻഡെ (28) എന്നയാളാണ് അറസ്റ്റിലായത്. മുംബൈയിലെ പൊവയ് മേഖലയിലാണ് സംഭവം നടന്നത്. കുടുംബത്തിന്റെ ദോഷങ്ങൾ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടിൽ പ്രവേശിച്ച ഇയാൾ, കിടപ്പുമുറിയിൽ വെച്ച് യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ഭർത്താവിനും പ്രായമായ ഒരു ബന്ധുവിനുമൊപ്പമാണ് അതിക്രമത്തിന് ഇരയായ യുവതി താമസിക്കുന്നത്. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ല. ഈ സാഹചര്യം മുതലെടുത്ത്, കുട്ടികളുണ്ടാകാൻ പ്രത്യേക പൂജകൾ ചെയ്യാമെന്ന് പറഞ്ഞാണ് അനിൽ ശേഷ്‌റാവു ഷിൻഡെ ഇവരുടെ വീട്ടിലെത്തിയത്. യുവതിയുടെ ഭർത്താവ് ജോലിക്ക് പോയ സമയം നോക്കി എത്തിയ ഇയാൾ, പീഡനത്തിന് ശേഷം 2,000 രൂപയും കവർന്നാണ് അവിടെനിന്ന് രക്ഷപ്പെട്ടത്.
യുവതിയുടെ പരാതിയെ തുടർന്ന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് തെളിവുകൾ ശേഖരിച്ചു. പ്രതി രക്ഷപ്പെടാനായി ഉപയോഗിച്ച ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, അന്നുരാത്രി തന്നെ കൽവയിൽ വെച്ച് ഇയാളെ പോലീസ് സംഘം പിടികൂടുകയായിരുന്നു. സാരി ധരിച്ച് ഓട്ടോറിക്ഷയിൽ താനെയിലെ ഖാരേഗാവ് ചേരിയിലേക്ക് പോകുന്നതിനിടെ പിന്തുടർന്നാണ് പ്രതിയെ വലയിലാക്കിയത്. ട്രാൻസ്‌ജെൻഡറായി അഭിനയിച്ചതിന് പുറമെ യാചകന്റെ രൂപത്തിലും ഇയാൾ വേഷം മാറി നടന്നിരുന്നുവെന്ന് പോലീസ് കണ്ടെത്തി. അപരിചിതരായ ആളുകളെ ഒരു കാരണവശാലും വീടുകളിൽ പ്രവേശിപ്പിക്കരുതെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.





