ഡൽഹി: സി.ജെ.പി പ്രക്ഷോഭത്തിനിടെ പോലീസിന്റെ പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹി ഡി.സി.പി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പോലീസ് സ്റ്റേഷൻ വിട്ടുപോകില്ലെന്ന ഉറച്ച നിലപാടോടെ രാഹുൽ ഗാന്ധി അവിടെ കുത്തിയിരുപ്പ് സമരം നടത്തി.
പെല്ലറ്റ് ആക്രമണത്തിനിരയായ സഹിൽ ലോച്ചബ്, അവന്റെ മാതാവ് എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. തുടർന്ന് ഡി.സി.പി ഓഫീസിൽ വലിയ തോതിലുള്ള നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കേസ് രജിസ്റ്റർ ചെയ്യണമെന്ന് രാഹുൽ കർശനമായി ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് സ്വീകരിക്കാൻ പോലീസ് തയാറായില്ല. ഇതോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതുവരെ സ്റ്റേഷൻ പരിസരത്ത് കുത്തിയിരുന്ന് സമരം ചെയ്യുമെന്ന് രാഹുൽ പ്രഖ്യാപിക്കുകയായിരുന്നു. രാഹുലിനൊപ്പം സഹിലും മാതാവും പ്രതിഷേധത്തിൽ അണിചേർന്നു.
ഈ മാസം 14-ന് തന്നെ സഹിൽ നേരിട്ടെത്തി പരാതി നൽകിയിരുന്നെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ നടപടിയുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിരുന്ന പശ്ചാത്തലത്തിലും, ലോക്സഭാ പ്രതിപക്ഷ നേതാവ് നേരിട്ടെത്തി ആവശ്യപ്പെട്ടിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് വിമുഖത കാട്ടുന്ന സാഹചര്യമാണ് ഉണ്ടായത്. പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർത്ഥിയുടെ കാഴ്ചയ്ക്ക് തകരാർ സംഭവിച്ചതായും പരാതിയുയർന്നിരുന്നു.
വിവരമറിഞ്ഞ് നിരവധി കോൺഗ്രസ് നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പം സ്റ്റേഷനിൽ എത്തിച്ചേർന്നിരുന്നു. രാഹുലിന്റെ പെട്ടെന്നുള്ള പ്രതിഷേധത്തെക്കുറിച്ച് പോലീസുകാർക്ക് യാതൊരുവിധ മുൻകൂർ വിവരങ്ങളും ലഭിച്ചിരുന്നില്ല. വിദ്യാർത്ഥിക്ക് നേരെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF) പെല്ലറ്റ് തോക്ക് ഉപയോഗിച്ചതായി സ്ഥിരീകരണം വന്നിട്ടും നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചില്ലെന്നും, കേസെടുക്കുന്നതിൽ എന്തിനാണ് ഇത്ര ഭയപ്പാടെന്നും രാഹുൽ ഗാന്ധി പോലീസിനോട് ചോദിച്ചു.





