ന്യൂഡൽഹി: ഓണക്കാലത്തെ കനത്ത യാത്രാത്തിരക്ക്പരിഹരിക്കുന്നതിനായി തിരുവനന്തപുരത്തിനും ബെംഗളൂരുവിനുമിടയിൽ കോട്ടയം വഴിയുള്ള മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾക്ക് റെയിൽവേ അനുമതി നൽകി. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ സജീവമായ ഇടപെടലുകളെ തുടർന്നാണ് പുതിയ സർവീസുകൾ അനുവദിച്ചത്. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ യാത്രക്കാരുടെ സൗകര്യാർത്ഥം ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നീ പ്രധാന സ്റ്റേഷനുകളിൽ ഈ പ്രത്യേക ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
ഓണാവധിക്ക് നാട്ടിലേക്ക് വരുന്നവരുടെയും തിരികെ പോകുന്നവരുടെയും സൗകര്യാർത്ഥം കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ന്യൂഡൽഹിയിൽ വെച്ച് റെയിൽവേ മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. മണ്ഡലത്തിലെ റെയിൽവേ യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും ആവശ്യങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് അനുകൂല നടപടിയുണ്ടായത്.
ട്രെയിൻ സർവീസുകളുടെ വിവരങ്ങളും സമയക്രമവും:
- 06573/06574 YPR-TVCN-YPR എക്‌സ്‌പ്രസ് സ്പെഷ്യൽ: ഓഗസ്റ്റ് 21, 22 തീയതികളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. ഓഗസ്റ്റ് 21-ന് യശ്വന്ത്പൂരിൽ (YPR) നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന 06573 നമ്പർ ട്രെയിൻ ചങ്ങനാശ്ശേരിയിൽ രാവിലെ 10.04-നും, ചെങ്ങന്നൂരിൽ 10.25-നും, മാവേലിക്കരയിൽ 10.37-നും, ശാസ്താംകോട്ടയിൽ 11.13-നും എത്തിച്ചേർന്ന് ഒരു മിനിറ്റ് വീതം നിർത്തും. ഓഗസ്റ്റ് 22-ന് തിരുവനന്തപുരത്ത് നിന്ന് യശ്വന്ത്പൂരിലേക്ക് മടങ്ങുന്ന 06574 ട്രെയിൻ ശാസ്താംകോട്ടയിൽ വൈകിട്ട് 4.32-നും, മാവേലിക്കരയിൽ 5.06-നും, ചെങ്ങന്നൂരിൽ 5.18-നും, ചങ്ങനാശ്ശേരിയിൽ 5.38-നും എത്തും.
- 06575/06576 SMVB-TVCN-BNC എക്‌സ്‌പ്രസ് സ്പെഷ്യൽ: ഓഗസ്റ്റ് 22, 23 തീയതികളിലാണ് ഈ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 22-ന് എസ്.എം.വി.ബി (SMVB)യിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന 06575 ട്രെയിൻ ചങ്ങനാശ്ശേരിയിൽ രാവിലെ 6.50-നും, ചെങ്ങന്നൂരിൽ 7.15-നും, മാവേലിക്കരയിൽ 7.29-നും, ശാസ്താംകോട്ടയിൽ 8.10-നും എത്തിച്ചേരും. ഓഗസ്റ്റ് 23-ന് തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ കന്റോൺമെന്റിലേക്ക് (BNC) പോകുന്ന 06576 ട്രെയിൻ ശാസ്താംകോട്ടയിൽ ഉച്ചയ്ക്ക് 1.58-നും, മാവേലിക്കരയിൽ 2.33-നും, ചെങ്ങന്നൂരിൽ 2.43-നും, ചങ്ങനാശ്ശേരിയിൽ 3.03-നും എത്തും.
- 06579/06580 BNC-TVCN-BNC എക്‌സ്‌പ്രസ് സ്പെഷ്യൽ: ഓഗസ്റ്റ് 28, 29 തീയതികളിലാണ് സർവീസ്. ഓഗസ്റ്റ് 28-ന് ബാംഗ്ലൂർ കന്റോൺമെന്റിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കുന്ന 06579 ട്രെയിൻ ചങ്ങനാശ്ശേരിയിൽ രാവിലെ 7.00-നും, ചെങ്ങന്നൂരിൽ 7.25-നും, മാവേലിക്കരയിൽ 7.39-നും, ശാസ്താംകോട്ടയിൽ 8.20-നും എത്തിച്ചേരും. ഓഗസ്റ്റ് 29-ന് തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ കന്റോൺമെന്റിലേക്ക് പോകുന്ന 06580 ട്രെയിൻ ശാസ്താംകോട്ടയിൽ ഉച്ചയ്ക്ക് 1.58-നും, മാവേലിക്കരയിൽ 2.33-നും, ചെങ്ങന്നൂരിൽ 2.43-നും, ചങ്ങനാശ്ശേരിയിൽ 3.03-നും സ്റ്റോപ്പുകൾ പിന്നിടും.
ബെംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഓണത്തിന് നാട്ടിലേക്ക് എത്തുന്നവർക്കും അവധിക്ക് ശേഷം തിരികെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങുന്നവർക്കും ഈ മൂന്ന് പ്രത്യേക ട്രെയിനുകൾ വലിയ പ്രയോജനം ചെയ്യും. മാവേലിക്കര മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതോടെ കൂടുതൽ യാത്രക്കാർക്ക് ഇതിന്റെ ആശ്വാസം ലഭിക്കും. യാത്രക്കാരുടെയും സംഘടനകളുടെയും നിരന്തര ആവശ്യങ്ങൾ റെയിൽവേ മന്ത്രാലയത്തെ നേരിട്ട് ബോധ്യപ്പെടുത്തിയതിന്റെ ഫലമായാണ് പുതിയ സർവീസുകളും സ്റ്റോപ്പുകളും അനുവദിക്കപ്പെട്ടതെന്നും, മണ്ഡലത്തിലെ ദീർഘകാല യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ഇടപെടലുകൾ തുടരുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി വ്യക്തമാക്കി.





