മലപ്പുറം: സംസ്ഥാനത്തെ സർവകലാശാലാ വൈസ് ചാൻസലർമാരുടെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എസ്.എഫ്.ഐ ദേശീയ നേതാവ് ഐഷി ഘോഷ് രംഗത്തെത്തി. വി.സിമാർ വ്യക്തമായ രാഷ്ട്രീയ അജണ്ട മുൻനിർത്തിയാണ് മുന്നോട്ടുപോകുന്നതെന്നും വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കാൻ അവർ തയ്യാറാകുന്നില്ലെന്നും ഐഷി ആരോപിച്ചു. ആർ.എസ്.എസ് സംഘടിപ്പിക്കുന്ന പരിപാടികളിൽ വി.സിമാർ നിരന്തരം പങ്കെടുക്കുന്നത് ശരിയായ നടപടിയല്ലെന്നും, ഇതിന്റെ തുടർച്ചയായാണ് അവർ എസ്.എഫ്.ഐയെ ലക്ഷ്യം വെച്ച് നീങ്ങുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ആർ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവയെ സംരക്ഷിക്കാൻ യു.ഡി.എഫ് തയ്യാറാകണം. വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് ചോദിച്ച ഐഷി, യു.ഡി.എഫ് സർക്കാരിൽ നിന്നും സംഘപരിവാർ വിരുദ്ധ നിലപാടാണ് പ്രതീക്ഷിച്ചിരുന്നതെന്നും വ്യക്തമാക്കി.
കാലിക്കറ്റ് സർവകലാശാലയിൽ ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചതിന്റെ പേരിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയ വിവരം പുറത്തുവന്നതിന് പിന്നാലെയായിരുന്നു വി.സിമാർക്കെതിരെയുള്ള ഐഷിയുടെ പ്രതികരണം. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും മുൻ ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ അഭിനന്ദിനെ വി.സി പി. രവീന്ദ്രൻ പ്രതികാര നടപടിയുടെ ഭാഗമായി പുറത്താക്കുകയായിരുന്നുവെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്.
സംഭവത്തിൽ ശക്തമായ പ്രതികരണവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവും രംഗത്തെത്തി. സർക്കാർ സർവകലാശാലകളെ വി.സിമാർ സ്വന്തം സ്വകാര്യ സ്വത്തായാണ് കാണുന്നതെന്നും, സർക്കാരും വകുപ്പ് മന്ത്രിയും സംഘപരിവാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും സഞ്ജീവ് കുറ്റപ്പെടുത്തി. അഭിനന്ദിനെ തിരിച്ചെടുക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.





